Quantcast

ഹിന്ദു-മുസ്‍ലിം ഭിന്നിപ്പിന് ശ്രമിച്ചിട്ടില്ലെന്ന് മോദി; യാഥാര്‍ഥ്യമെന്ത്?

ഹിന്ദു-മുസ്‍ലിം രാഷ്ട്രീയം കളിക്കുന്ന ദിവസം പൊതുരംഗത്ത് തുടരാൻ അർഹതയില്ലെന്നായിരുന്നു മോദിയുടെ വിശദീകരണം

MediaOne Logo

Web Desk

  • Published:

    16 May 2024 2:12 PM GMT

Fact-checking,Modi target Muslims,modi hate speech,മോദിയുടെ വിദ്വേഷ പ്രസംഗം,മോദി മുസ്‍ലിം പ്രസംഗം,Election2024,LokSabha2024,LokSabhaElection,ലോക്സഭാ തെരഞ്ഞെടുപ്പ്,നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ്,
X

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പരാമർശം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ താന്‍ മുസ്‍ലിം വിരുദ്ധനല്ലെന്നും മുസ്‍ലിംകളെ ഉന്നമിട്ട് ഒന്നും പറഞ്ഞില്ലെന്നും ഹിന്ദു-മുസ്‍ലിം ഭിന്നിപ്പിന് ശ്രമിച്ചിട്ടില്ലെന്നുമുള്ള വിശദീകരണവുമായി മോദി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി മുസ്‍ലിം വിദ്വേഷ പരാമർശങ്ങളിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

കൂടുതൽ കുട്ടികളുള്ള ആളുകളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അതെല്ലാം മുസ്‍ലിംകളുമായി ബന്ധിപ്പിക്കാൻ ആരാണ് പറഞ്ഞതെന്ന് മോദി ചോദിച്ചു. മോദിയുടെ വിവാദമായ നുഴഞ്ഞുകയറ്റക്കാർ,കൂടുതൽ കുട്ടികളുള്ളവർ തുടങ്ങിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. താൻ മുസ്‍ലിംകളെ ലക്ഷ്യം വച്ചുകൊണ്ടല്ല സംസാരിച്ചതെന്നും മറിച്ച് എല്ലാ ദരിദ്ര കുടുംബങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നുവെന്നും മോദി പറയുന്നു. 'നിങ്ങൾ മുസ്‍ലിംകളോട് എന്തിനാണ് ഇങ്ങനെ നീതികേട് കാണിക്കുന്നത്. എല്ലാ പാവപ്പെട്ട കുടുംബങ്ങളും ഇതേ അവസ്ഥയിലൂടെയാണ് പോകുന്നത്. അവർക്ക് മക്കൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ല.ദാരിദ്ര്യം എവിടെയുണ്ടോ,അവിടെയെല്ലാം കൂടുതൽ കുട്ടികളുമുണ്ട്'. മോദി പറഞ്ഞു.

മുസ്‍ലിംകളെ കുറിച്ച് സംസാരിച്ചെന്ന ആരോപണങ്ങളും മോദി നിഷേധിച്ചു. ''ഞാൻ ഹിന്ദുക്കളെയോ മുസ്‍ലിംകളെയോ പരാമർശിച്ചിട്ടില്ല. നിങ്ങൾക്ക് നോക്കാൻ പറ്റുന്ന കുട്ടികളെ ജനിപ്പിക്കണം എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. നിങ്ങളുടെ കുട്ടികളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമായി മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് ഞാൻ പറഞ്ഞത്..'' മോദി വ്യക്തമാക്കി.

'മുസ്‍ലിംകൾ നിങ്ങൾക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന്, രാജ്യത്തെ ജനങ്ങൾ എനിക്ക് വോട്ട് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നെന്നായിരുന്നു മറുപടി. ഹിന്ദു-മുസ്‍ലിം എന്നു പറഞ്ഞ് രാഷ്ട്രീയത്തിൽ ഏർപ്പെടുന്ന ദിവസം മുതൽ ഞാൻ പൊതുപ്രവർത്തനത്തിന് യോഗ്യനല്ലാതായി മാറും.അന്ന് പൊതുജീവിതം അവസാനിപ്പിക്കും. ഞാൻ അത്തരം രാഷ്ട്രീയത്തിൽ ഏർപ്പെടില്ല. അത് തന്റെ പ്രതിജ്ഞയാണ്. പ്രധാനമന്ത്രി മോദി സമൂഹത്തിലെ ഓരോ വ്യക്തിക്കും അവരുടെ മതം പരിഗണിക്കാതെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും'. മോദി പറഞ്ഞു.

എന്നാല്‍ മോദി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലുടനീളം മുസ്‍ലിംകളെ ഉന്നമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളാണ് നടത്തിയതെന്ന് തെളിവുകളടക്കം വിശദീകരിക്കുകയാണ് 'അള്‍ട്ട് ന്യൂസ്'. ഇക്കഴിഞ്ഞ ഏപ്രിൽ 21 ന് രാജസ്ഥാനിലെ ബൻസ്വാരയിൽ 'കൂടുതൽ കുട്ടികളെ ഉത്പാദിപ്പിക്കുന്നവർ', 'നുഴഞ്ഞുകയറ്റക്കാർ' എന്നീ വാക്കുകൾ ഉപയോഗിച്ചിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്‍ലിംകൾക്കിടയിൽ വിതരണം ചെയ്യുമെന്നായിരുന്നു മോദി പ്രസംഗിച്ചത്. മാത്രമല്ല,അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു.

' നേരത്തെ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ, രാജ്യത്തിന്റെ പൊതുസ്വത്തിൽ ആദ്യ അവകാശം മുസ്‍ലിംകൾക്കാണെന്ന് പറഞ്ഞിരുന്നു. അതിനർഥം അവർ ഈ സ്വത്തുക്കൾ കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണം ചെയ്യുമെന്നാണ്. നിങ്ങൾ കഠിനാധ്വാനംചെയ്ത് ഉണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് നൽകാമോ? 'അമ്മമാരുടെയും മക്കളുടെയും കൈവശമുള്ള സ്വർണത്തിന്റെ കണക്ക് എടുക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നുണ്ട്. ഈ സ്വർണം വിതരണംചെയ്യുമെന്നാണ് അവർ പറയുന്നത്'.എന്നായിരുന്നു മോദി പ്രസംഗിച്ചത്..

കഴിഞ്ഞദിവസം ജാർഖണ്ഡിലെ ഛത്രയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ എസ്.സി എസ്.ടി, ഒബിസി എന്നിവരിൽ നിന്നുള്ള സംവരണം പ്രതിപക്ഷ സഖ്യം എടുത്തുകളഞ്ഞ് മുസ്‍ലിംകൾക്ക് നൽകുമെന്ന് പറയുന്നുണ്ട്. ബി.ജെ.പിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ പ്രസംഗത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്തിട്ടുമുണ്ട്. അതിലും മുസ്‍ലിംകളെ നുഴഞ്ഞുകയറ്റക്കാർ എന്നദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്.

രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപൂർ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി നടത്തിയ 35 മിനിറ്റ് പ്രസംഗത്തിൽ 15 മിനിറ്റിലധികം കോൺഗ്രസ്-മുസ്‍ലിം കൂട്ടുകെട്ടിനെക്കുറിച്ചാണ് പറയുന്നത്.

കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ അതിനെ മുസ്‍ലിം ലീഗിന്റെ പ്രകടനപത്രികയെന്നാണ് മോദി വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് രാമനവമി ആഘോഷിക്കാനും ഹനുമാൻ ചാലിസ പാടാനും കഴിയുമെന്ന് ഉറപ്പാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ടോങ്കിൽ മോദി പ്രസംഗിച്ചത്.

മെയ് 7 ന് മധ്യപ്രദേശിലെ ഖർഗോണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ, തനിക്കെതിരെ വോട്ട് ജിഹാദ് നടത്താൻ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു എന്നായിരുന്നു മോദിയുടെ പ്രസ്താവന.ഒരു പ്രത്യേക മതത്തിൽപ്പെട്ടവരോട് മോദിക്കെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ''വോട്ട് ജിഹാദാണോ രാമരാജ്യമാണോ രാജ്യത്ത് പ്രവർത്തിക്കുകയെന്ന് വോട്ടർമാർ തീരുമാനിക്കേണ്ട സമയാണെന്നും മോദി പറഞ്ഞിരുന്നു.'പാകിസ്താനിലെ തീവ്രവാദികൾ ഇന്ത്യയ്ക്കെതിരെ ജിഹാദ് ഭീഷണിപ്പെടുത്തുകയാണ്. ഇവിടെ, കോൺഗ്രസിലുള്ളവരും മോദിക്കെതിരെ വോട്ട് ജിഹാദ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു... അതായത് ഒരു പ്രത്യേക മതത്തിൽപ്പെട്ടവരോട് മോദിക്കെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു. കോൺഗ്രസ് ഏത് തലത്തിലേക്ക് കൂപ്പുകുത്തിയെന്ന് സങ്കൽപ്പിക്കുക,'' മോദി യോഗത്തിൽ പറഞ്ഞു.

കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ ഡിൻഡോരി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും കോൺഗ്രസ് വെവ്വേറെ ബജറ്റുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണം മോദി ഉന്നയിച്ചിരുന്നു.കോൺഗ്രസ് ഭരണകാലത്ത് ബജറ്റിൽ 15 ശതമാനവും മുസ്‍ലിംകള്‍ക്ക് നൽകിയെന്നാണ് മോദിയുടെ പുതിയ വിവാദ പരാമർശം.

" കോൺഗ്രസ് ഭരണകാലത്ത് ബജറ്റിൽ 15 ശതമാനവും മുസ്‍ലിംകള്‍ക്ക് നൽകി, രാജ്യത്തെ വിഭവങ്ങളുടെ വിതരണത്തിലും ഇതുതന്നെയാണ് ചെയ്തത്, ഹിന്ദുക്കൾക്കും മുസ്‍ലിംകള്‍ക്കും ബജറ്റിൽ പ്രത്യേകമായി നീക്കിവെച്ചു, മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസും ഇൻഡ്യ മുന്നണിയും ശ്രമിക്കുന്നത് " അദ്ദേഹം പറഞ്ഞു.

യഥാർഥത്തിൽ മുസ്‍ലിംകൾ കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കുന്നുവെന്ന പരാമർശം മോദി ആദ്യമായല്ല നടത്തുന്നത്. 2002 മുതൽ മോദി ഈ പരാമർശം ഉപയോഗിച്ച് വരികയാണെന്ന് അൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി മുസ്‍ലിം ദുരിതാശ്വാസ കേന്ദ്രങ്ങളെ 'കുട്ടികളെ ഉണ്ടാക്കുന്ന ഫാക്ടറികൾ' എന്നാണ് വിശേഷിപ്പിച്ചത്.

സെപ്തംബർ 9 ന് മഹാസേന ജില്ലയിൽ ഗൗരവ് യാത്രയുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിലാണ് മോദി ഈ പരാമർശം നടത്തിയത്.കലാപബാധിതരായ മുസ്‍ലിംകൾക്കുള്ള ദുരിതാശ്വാസ ക്യാമ്പുകളെയാണ് കുട്ടികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ എന്ന് മോദി വിശേഷിപ്പിച്ചത്.ഗുജറാത്തിന് കുടുംബാസൂത്രണം നടപ്പിലാക്കാൻ കഴിയുന്നില്ലേ? ആരാണ് നമ്മുടെ വഴിയിൽ തടസ്സമായി വരുന്നത്.ഏത് മതവിഭാഗമാണ് തടസ്സമാകുന്നത്. എന്തുകൊണ്ട് പാവപ്പെട്ടവരിലേക്ക് പണം എത്തുന്നില്ല? എന്നായിരുന്നു മോദിയുടെ അന്നത്തെ വിദ്വേഷ പരാമർശം.

2019ൽ, ജാർഖണ്ഡിലെ 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദുംകയിൽ നടന്ന പൊതു റാലിയിൽ, സിഎഎയ്ക്കെതിരെ പ്രതിഷേധിച്ചവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന് മോദി പറഞ്ഞിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, ഏപ്രിൽ 6 ന് നന്ദേഡിൽ നടന്ന റാലിയിൽ, വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിച്ചതിനെ മോദി കളിയാക്കിയിരുന്നു. കോൺഗ്രസ് നേതാവ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് തനിക്ക് മത്സരിക്കാൻ സുരക്ഷിതമായ സീറ്റ് കണ്ടെത്തുകയും ന്യൂനപക്ഷ വിഭാഗം ഭൂരിപക്ഷമായ സീറ്റ് തെരഞ്ഞെടുക്കുകയും ചെയ്തതായി മോദി പറഞ്ഞിരുന്നു.

TAGS :

Next Story