119 വീഡിയോ, കച്ചവടമുറപ്പിച്ചത് ഒമ്പതു കോടിക്ക്; കുന്ദ്രയുടെ അറസ്റ്റ് അന്താരാഷ്ട്ര ഡീൽ നടക്കുന്നതിന് തൊട്ടുമുമ്പ്
ദക്ഷിണാഫ്രിക്ക ആസ്ഥാനമായ സ്പോര്‍ട്സ് ബെറ്റിങ് കമ്പനി രാജിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായും പൊലീസ് വെളിപ്പെടുത്തി
മുംബൈ: 119 ഇറോട്ടിക് വീഡിയോകൾ 1.2 ദശലക്ഷം യുഎസ് ഡോളറിന് (ഏകദേശം ഒമ്പതു കോടി രൂപ) രാജ് കുന്ദ്ര വിൽക്കാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ്. ഇത്രയും വീഡിയോകൾ വിദേശത്തുള്ള 'ഒരു വ്യക്തി'ക്ക് വിൽക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അന്താരാഷ്ട്ര ഡീൽ നടക്കുന്നതിന് തൊട്ടുമുമ്പാണ് മുംബൈ ക്രൈംബ്രാഞ്ച് കുന്ദ്രയെ അറസ്റ്റ് ചെയ്തത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ദക്ഷിണാഫ്രിക്ക ആസ്ഥാനമായ സ്പോര്‍ട്സ് ബെറ്റിങ് കമ്പനി രാജിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായും പൊലീസ് വെളിപ്പെടുത്തി. ഇതും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുണ്ട്.
കുന്ദ്രയുടെ ഓഫീസിലെ റെയ്ഡിനിടെ 51 അശ്ലീല വീഡിയോകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിൽക്കൂടുതൽ വീഡിയോകൾ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. 2019 ഓഗസ്റ്റിനും 2020 നവംബറിനുമിടയിൽ പ്രതിമാസം 4000-10000 ബ്രിട്ടീഷ് പൗണ്ട് കുന്ദ്രയുടെ ആപ്പിന് വരുമാനമുണ്ടായിരുന്നതായി ഒരു ജീവനക്കാരൻ മൊഴി നൽകിയിട്ടുണ്ട്.
നീലച്ചിത്രം നിർമിച്ചിട്ടില്ല, ഭർത്താവ് നിരപരാധി: ശിൽപ്പ ഷെട്ടി
നീലച്ചിത്ര നിർമാണ കേസിൽ ഭർത്താവ് രാജ് കുന്ദ്രയെ ന്യായീകരിച്ച് നടി ശിൽപ്പ ഷെട്ടി രംഗത്തെത്തി. രാജ് നിരപരാധിയാണ് എന്നും ലൈംഗിക ചോദന ഉയർത്തുന്ന വീഡിയോകളാണ് നിർമിച്ചത് എന്നും അവർ പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ജൂഹുവിലെ വസതിയിൽ ആറു മണിക്കൂർ നേരമാണ് ശിൽപ്പയെ ചോദ്യം ചെയ്തത്.
നീലച്ചിത്ര നിർമാണത്തിൽ നടിക്ക് പങ്കുണ്ടോ എന്നാണ് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാൻ ഇൻഡസ്ട്രീസിൽ നിന്ന് എന്തു കൊണ്ടാണ് ശിൽപ്പ രാജിവച്ചത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കമ്പനിയിലെ ഡയറക്ടറായിരുന്നു ഇവർ. കുന്ദ്രയുടെ ഹോട് ഷോട്ട്‌സ് ആപ്പുമായി ബന്ധമില്ലെന്നാണ് ശിൽപ്പ മൊഴി നൽകിയത്. ഇറോട്ടിക്കയും (ലൈംഗിക ചോദന ഉണർത്തുന്ന ദൃശ്യങ്ങൾ) പോണും തമ്മിൽ വ്യത്യാസമുണ്ട്. പോൺ (അശ്ലീലം) ഉള്ളടക്കങ്ങളല്ല ഭർത്താവ് ചിത്രീകരിച്ചത്- നടി പറഞ്ഞു.
ശിൽപ്പയെ ന്യായീകരിച്ച് നടി ഗെഹന വസിഷ്ഠ് രംഗത്തെത്തി. 'പോണോഗ്രഫി എന്ന് വിളിക്കാവുന്ന ഉള്ളടക്കങ്ങൾ ഹോട്‌സ്‌ഷോട്‌സ് ആപ്പിൽ ഇല്ല. ആപ്പിനെ കുറിച്ച് അറിയില്ല എന്ന് ശിൽപ്പ പറഞ്ഞത് സത്യമാണ്. അതെല്ലാം ഹോട ഫിലിമുകളായിരുന്നു. പോൺ അല്ല' - അവർ പറഞ്ഞു. കേസിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. നീലച്ചിത്ര നിർമാണത്തിലെ മുഖ്യസൂത്രധാരനാണ് കുന്ദ്ര എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതുവരെ 11 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
'ശമിത ഷെട്ടിയെ കാസ്റ്റ് ചെയ്തു'
ശിൽപ്പ ഷെട്ടിയുടെ സഹോദരി ശമിത ഷെട്ടിയെ നായികയാക്കി സിനിമ നിർമിക്കാൻ രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നതായി നടി ഗെഹന വസിഷ്ഠ്. ബോളിഫെയിം എന്ന പുതിയ ആപ്പും രാജിന്റെ ആലോചനയിൽ ഉണ്ടായിരുന്നതായി നടി പറഞ്ഞു. നവ് ഭാരത് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'രാജിന്റെ അറസ്റ്റിന് തൊട്ടുമുമ്പാണ് ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്. ബോളിഫെയിം എന്ന പേരിൽ പുതിയ ആപ്പ് ലോഞ്ച് ചെയ്യാൻ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നതായി അറിഞ്ഞു. ചാറ്റ് ഷോകൾ, റിയാലിറ്റി ഷോകൾ, ഫീച്ചർ ഫിലിമുകൾ, മ്യൂസിക് വീഡിയോകൾ എന്നിവയാണ് ആപ്പിൽ പദ്ധതിയിട്ടിരുന്നത്. ഫീച്ചർ ഫിലിമുകളിൽ ബോൾഡ് സീനുകൾ പ്ലാൻ ചെയ്തിരുന്നില്ല' - നീലച്ചിത്ര നിർമാണക്കേസിൽ ജാമ്യത്തിൽ കഴിയുന്ന ഗെഹന പറഞ്ഞു.
'ഞങ്ങൾ തിരക്കഥ ചർച്ച ചെയ്തിരുന്നു. ഒരു സ്‌ക്രിപ്റ്റിലേക്ക് ശമിത ഷെട്ടിയെ കാസ്റ്റ് ചെയ്യാനായിരുന്നു ആലോചന. സായ് തംഹൻകാർ അടക്കം മറ്റു രണ്ടു പേരെ കാസ്റ്റ് ചെയ്യാനുള്ള ശ്രമമുണ്ടായിരുന്നു' - അവർ കൂട്ടിച്ചേർത്തു.
കേസിൽ ഫെബ്രുവരി നാലിന് മലാഡിനടുത്തുള്ള മഡ് ഐലന്റിൽ നിന്നാണ് ഗെഹനയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. പോൺ വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു പൊലീസ് റെയ്ഡ്. സ്വന്തം വെബ്സൈറ്റിലെ അശ്ലീല വീഡിയോക്ക് നടി സബ്സ്‌ക്രിപ്ഷനും ഈടാക്കിയിരുന്നു. ഗെഹനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമേഷ് കാമത്ത് എന്നയാൾ പിടിയിലായത്. രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായിരുന്നു ഉമേഷ്. യുകെ ആസ്ഥാനമായ കെന്റിൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു ഇയാൾ. അഭിനയ മോഹമുള്ള മോഡലിങ് താരങ്ങളെയാണ് സംഘം വലവീശിപ്പിടിച്ചിരുന്നത്.
Adjust Story Font
16