കർഷകസമരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലേ; കണക്കുകൾ പറയുന്നത് എന്താണ്?
കഴിഞ്ഞ ഒക്ടോബറിൽ എട്ടു കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിൽ അടക്കം ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
ന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമാണ് കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമവും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും. ജാട്ടുകൾക്ക് നിർണായക സ്വാധീനമുള്ള പടിഞ്ഞാറൻ യുപിയിലെങ്കിലും പ്രതിഷേധം ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. എന്നാൽ 403 അംഗ നിയമസഭയിൽ രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് 41 ശതമാനം വോട്ട് ഓഹരിയോടെ 255 സീറ്റാണ് ബിജെപി സ്വന്തമാക്കിയത്.
കഴിഞ്ഞ ഒക്ടോബറിൽ എട്ടു കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിൽ അടക്കം ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ജില്ലയിലെ പാലിയ, ലഖിംപൂർ, നിഘാസാൻ, ഗോല, ശ്രീ നഗർ, ധൗരാഹ്ര, കാസ്ത, മുഹമ്മദി എന്നീ എട്ട് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. ലഖിംപൂർഖേരിയിലെ വിജയം കർഷക സമരം യുപിയിൽ ബിജെപിക്ക് ആഘാതമുണ്ടാക്കിയില്ല എന്ന പൊതുവിലയിരുത്തലിന് കാരണമായി. എന്നാൽ അങ്ങനെയല്ല എന്നാണ് കണക്കുകൾ പറയുന്നത്.
പടിഞ്ഞാറൻ യുപിയിൽ സ്വാധീനമുള്ള ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ നടത്തിയ മികച്ച പ്രകടനം ഇതിനെ സാധൂകരിക്കുന്നു. എസ്പിയുമായി ചേർന്നു മത്സരിച്ച ആർഎൽഡി എട്ടു സീറ്റാണ് സ്വന്തമാക്കിയത്. 2017ൽ ഒരു സീറ്റു മാത്രമായിരുന്നു പാർട്ടിയുടെ സമ്പാദ്യം. ബിഎസ്പിക്കും കോൺഗ്രസിനും മുമ്പിൽ അംഗബലത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ നാലാമത്തെ പാർട്ടിയായി മാറി ആർഎൽഡി. 403 അംഗ സഭയിൽ 33 സീറ്റിൽ മാത്രമാണ് പാർട്ടി മത്സരിച്ചിരുന്നത്. ആർഎൽഡി വിജയിച്ച എട്ടു സീറ്റിൽ ആറും മുൻ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച മണ്ഡലങ്ങളാണ്.
താന ഭവാൻ മണ്ഡലത്തിൽ കരിമ്പുവികസന വകുപ്പു മന്ത്രി സുരേഷ് റാണയെയാണ് ആർഎൽഡിയുടെ അഷ്‌റഫ് അലി തോൽപ്പിച്ചത്. ഷാംലിയിൽ സിറ്റിങ് എംഎൽഎ തേജേന്ദ്ര സിങ്ങിനെയാണ് ആർഎൽഡിയുടെ പ്രസൻ കുമാർ തോൽപ്പിച്ചത്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ കരിമ്പു ബെൽറ്റാണ് ഷാംലി ജില്ല.
2013ലെ കലാപത്തിൽ സാമുദായിക ധ്രുവീകരണം നടന്ന മുസഫർനഗർ ജില്ലയിൽ മൂന്നു സീറ്റാണ് - പുരാഖാസി (എസ്.സി), ബുധാന, മീരാപൂർ- ആർഎൽഡി ബിജെപിയിൽനിന്ന് പിടിച്ചെടുത്തത്. വലിയ അളവിൽ ജാട്ട് ജനസംഖ്യയുള്ള ജില്ലകളാണ് മുസഫർനഗറും ഷാംലിയും. ബിജെപിക്കെതിരെ ജാട്ട്-മുസ്‌ലിം വോട്ടുകളുടെ ഏകീകരണം മണ്ഡലങ്ങളിലുണ്ടായി എന്ന് കണക്കുകൾ പറയുന്നു.
കഴിഞ്ഞ തവണ ബിജെപിയുടെ ജിതേന്ദ്രപാൽ സിങ് (ബില്ലു) 11421 വോട്ടിന് വിജയിച്ച സിവാൽഖാസിൽ ആർഎൽഡിയുടെ ഗുലാം മുഹമ്മദാണ് വിജയിച്ചത്. ബിജെപിയുടെ മനീന്ദർ പാലിനെയാണ് ഇദ്ദേഹം തോൽപ്പിച്ചത്. 2017ൽ ജിതേന്ദ്രയോട് തോറ്റയാളാണ് ഗുലാം മുഹമ്മദ്. കഴിഞ്ഞ തവണ വിജയിച്ച ഛപ്രൗളി ആർഎൽഡി നിലനിർത്തുകയും ചെയ്തു.
മുസഫർനഗര്‍, ഷാംലി, ഭാഗ്പത് ജില്ലകളില്‍ നിന്നുള്ളവര്‍ കർഷക സമരത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു. ഇവിടങ്ങളിലെ ആകെ 12 സീറ്റിൽ മൂന്നു സീറ്റിലേ ബിജെപിക്ക് വിജയിക്കാനായുള്ളൂ. ഭാഗ്പത് മണ്ഡലത്തിൽ ബിജെപിയുടെ യോഗേഷ് ശർമ്മയുടെ ഭൂരിപക്ഷം ആയിരത്തിൽ താഴെ മാത്രമാണ്. സംഗീത് സോം, സുരേഷ് റാണ, ഉമേശ് മാലിക്, അന്തരിച്ച ഹുകും സിങ്ങിന്റെ മകൾ മൃഗങ്ക സിങ് തുടങ്ങിയ വൻതോക്കുകളാണ് ഇവിടെ പരാജയപ്പെട്ടത്. മുസഫർനഗർ കലാപത്തിൽ കുറ്റാരോപിതരാണ് ഇവരിൽ മിക്കവരും.
ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികളിൽ വൻജനക്കൂട്ടമാണ് എത്തിയിരുന്നത്. ദേശീയതലത്തിൽ പരമ്പരാഗതമായി കർഷക പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള നേതാവാണ് ഇദ്ദേഹം. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള കർഷക നേതാവായി അറിയപ്പെടുന്ന ചൗധരി കരൺ സിങ്ങിന്റെ പൗത്രനാണ് ജയന്ത്.
Adjust Story Font
16