അസമിനെ ഭീഷണിപ്പെടുത്താൻ എങ്ങനെ ധൈര്യം വന്നു? നിങ്ങളുടെ ദേഷ്യം ഞങ്ങളോട് കാണിക്കരുത്; മമതക്കെതിരെ ആഞ്ഞടിച്ച് ഹിമന്ത ബിശ്വ ശർമ്മ
മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ മമത യോഗ്യയല്ലെന്ന് കേന്ദ്ര സഹമന്ത്രിയും
ഗുവാഹത്തി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രകോപന പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ മമത പൊതുജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഹിമന്ത വിമർശിച്ചു. 'ദീദി, അസമിനെ ഭീഷണിപ്പെടുത്താൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു? നിങ്ങളുടെ ദേഷ്യം ഞങ്ങളോട് കാണിക്കരുത്'. ബംഗാൾ മുഖ്യമന്ത്രിയുടെ പ്രകോപന പ്രസംഗത്തിന്റെ 46 സെക്കൻഡ് വീഡിയോ ക്ലിപ്പ് പങ്കുവെച്ച് ശർമ്മ എക്സിൽ എഴുതി. പരാജയത്തിന്റെ രാഷ്ട്രീയം കൊണ്ട് ഇന്ത്യയെ ഇളക്കിവിടാൻ ശ്രമിക്കരുത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം സംസാരിക്കുന്നത് നിങ്ങൾക്ക് അനുയോജ്യമല്ല, ശർമ്മ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശും പശ്ചിമ ബംഗാളും ഒരേ ഭാഷയും സംസ്‌കാരവും പങ്കിടുന്നുണ്ടെങ്കിലും, ഇന്ത്യ എന്ന രാജ്യത്തിന്റെ ഭാഗമായതിനാൽ പശ്ചിമ ബംഗാൾ തികച്ചും വ്യത്യസ്തമണെന്ന് മമത ഊന്നി പറയുന്നത് വീഡിയോയിൽ കാണാം. ബംഗാളിലെ സ്ഥിതിഗതികളെ വീണ്ടും ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ് മോദിയുടെ പാർട്ടിയെന്നും ബംഗാളിനെ കത്തിച്ചാൽ അത് അസം, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളേയും ബാധിക്കുമെന്നും മമത പറഞ്ഞിരുന്നു. പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്ര സഹമന്ത്രിയുമായ സുകാന്ത മജുംദാറും മമത ബാനർജിയുടെ പരാമർശത്തെ അപലപിച്ച് രംഗത്തുവന്നു. മമതയുടെ പരാമർശം അഭൂതപൂർവവും ഭീഷണിപ്പെടുത്തുന്നതുമാണ്. അവർ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യയല്ല. അദ്ദേഹം പറഞ്ഞു. മമതയുടെ പരാമർശവും പ്രസ്താവനകളും തൃണമൂൽ പാർട്ടിയുടെ അംഗങ്ങളെ അനുഭാവികളെ നിയമം കൈയിലെടുക്കാനും പ്രതിപക്ഷത്തെ ആക്രമിക്കാനും പ്രേരിപ്പിക്കുമെന്നും മജുംദാർ ആരോപിച്ചു.
കൊൽക്കത്തയിലെ സെക്രട്ടറിയേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് വളയൽ സമരക്കാരെ പൊലീസ് അക്രമിച്ചിരുന്നു.
രാവിലെ ആറുമണിക്ക് ആരംഭിച്ച ബന്ദ് വൈകീട്ട് ആറുമണിവരെ നീണ്ടു. ബന്ദിൽ വ്യാപകമായ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബന്ദിനിടെ ബിജെപി പ്രാദേശിക നേതാവിന് നേരെ വെടിവെപ്പുണ്ടായി. ബിജെപി പ്രാദേശിക നേതാവ് പ്രിയങ്കു പാണ്ഡെയുടെ വാഹനത്തിനു നേരെ വെടിവെപ്പുണ്ടായി. അക്രമത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. ഇതിനിടെ ബന്ദിനെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി കൽക്കട്ട ഹൈക്കോടതി തള്ളി. അതേസമയം പശ്ചിമ ബംഗാളിൽ അരാജകത്വം പടർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് ടി.എം.സിയുടെ ആരോപണം.
Adjust Story Font
16