ആഭ്യന്തരമന്ത്രിയെ മാറ്റണം; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പുതുച്ചേരി ബി.ജെ.പിയിൽ പോര്
പുതുച്ചേരിയിൽനിന്നുള്ള നേതാക്കൾ കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പുതുച്ചേരി ബി.ജെ.പിയിൽ പോര്. ആഭ്യന്തരമന്ത്രി എ. നമസ്സിവായത്തിനെതിരെ ഏഴ് എം.എൽ.എമാരും മൂന്ന് സ്വതന്ത്രൻമാരും രംഗത്തെത്തി. മുഖ്യമന്ത്രി രംഗസ്വാമിയും ആഭ്യന്തരമന്ത്രിയും മെനഞ്ഞ മോശം തന്ത്രങ്ങളാണ് തോൽവിക്ക് കാരണമെന്നാണ് എം.എൽ.എമാരുടെ വാദം.
ബി.ജെ.പി നേതാക്കളും എം.എൽ.എമാരുമായ ജോൺ കുമാര്, അദ്ദേഹത്തിന്റെ മകൻ റിച്ചാർഡ് ജോൺകുമാർ, സ്വതന്ത്രരായ പി. ആംഗലേയൻ, ജി. ശഅരീനിവാസ് അശോക്, എം. ശിവശങ്കരൻ, നോമിനേറ്റഡ് അംഗമായ കെ. വെങ്കിടേശ്വരൻ എന്നിവർ ബി.ജെ.പി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിൽ കാമ്പ് ചെയ്യുകയാണ്. ബുധനാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളുടെ ആശങ്കകൾ കേന്ദ്ര നേതൃത്വം പരിഗണിക്കണമെന്നും നമസ്സിവായം, എ.കെ സായി ജെ ശരവണകുമാർ എന്നിവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് എം.എൽ.എമാരുടെ ആവശ്യം.
2021ലാണ് ഇവരിൽ പലരും നമസ്സിവായത്തിനൊപ്പം അന്ന് അധികാരത്തിലിരുന്ന കോൺഗ്രസിൽനിന്ന് കൂറുമാറി ബി.ജെ.പിക്കൊപ്പം ചേർന്നത്. ബി.ജെ.പി സഖ്യസർക്കാരിൽനിന്ന് പുറത്തുവരണമെന്നും പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിക്കണമെന്നുമാണ് എം.എൽ.എമാരുടെ ആവശ്യം. 2026ൽ നടക്കാനിരിക്കുന്ന പുതുച്ചേരി അസംബ്ലി തെരഞ്ഞെടുപ്പിൽ ഇത് കാര്യമായ മാറ്റമുണ്ടാക്കിയേക്കുമെന്നാണ് എം.എൽ.എമാരുടെ നിരീക്ഷണം.
Adjust Story Font
16