പരസ്യമായി അതൃപ്തി: യു.പി യിൽ യോഗി സർക്കാരിനെതിരെ ബിജെപി നേതൃത്വം
മന്ത്രിസഭയിൽ പുനഃസംഘടന വേണമെന്ന് നേതാക്കൾ
ഡൽഹി: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം. മന്ത്രിസഭയിൽ പുനഃസംഘടന വേണമെന്ന ആവശ്യവുമായി നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണവുമാണ് യോഗി സർക്കാരിനെ പ്രതിരോധത്തിൽ ആക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണ് പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയും ഉപ മുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും നരേന്ദ്രമോദിയുമായും ജെപി നഡ്ഡയുമായും ചർച്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒ.ബി.സി വിഭാഗത്തിൽപ്പെട്ടയാളെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
ലഖ്നൗൽ ചേർന്ന BJP വർക്കിങ് കമ്മറ്റിയിലടക്കം യോഗി ആദിത്യനാഥിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പാർട്ടിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചു എന്ന ജില്ലാ ഘടകങ്ങളുടെ റിപ്പോർട്ടും യോഗി സർക്കാരിനെ പ്രതിരോധത്തിലാക്കി. വരാനിരിക്കുന്ന 10 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പുനഃസംഘടനയെന്നാണ് സൂചന. അതിനിടെ ബി.ജെ.പിക്കുള്ളിൽ തന്നെ 'ഓപ്പറേഷൻ താമര' തുടങ്ങിയെന്ന പരിഹാസവുമായി എസ് പി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി.
Adjust Story Font
16