ചർച്ചകള്‍ അവസാനിക്കാതെ കർണാടക; ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് സൂചന
കൂടുതൽ എം.എൽ.എമാരുടെ പിന്തുണ തനിക്കായതിനാൽ തന്നെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് സിദ്ദരാമയ്യയുടെ ആവശ്യം
ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി ആരെന്നുള്ള പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് ഈശ്വർ ഖണ്ഡരെ അറിയിച്ചു. മല്ലികാർജുൻ ഖാർഗയും ആയുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഈശ്വർ ഖണ്ഡരെയുടെ പ്രതികരണം. കർണാടക ചുമതലയുള്ള രൺധീപ് സൂർജെവാലാ ഖാർഗയുടെ വസതിയിൽ ചർച്ച നടത്തുകയാണ്.
രണ്ടു വർഷം സിദ്ധരാമയ്യയ്ക്കും മൂന്നുവർഷം ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം നൽകുക എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. വ്യവസ്ഥയിൽ ഉപമുഖ്യമന്ത്രി പദം, ആഭ്യന്തരം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ ഡി.കെ ആവശ്യപ്പെട്ടതായാണ് സൂചന. കൂടുതൽ എം.എൽ.എമാരുടെ പിന്തുണ തനിക്കായതിനാൽ തന്നെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് സിദ്ദരാമയ്യയുടെ ആവശ്യം.
സിദ്ധരാമയ്യ സോണിയ ഗാന്ധിയുടെ വസതിയിലെത്തി രാഹുൽ ഗാന്ധിയുമായി നടത്തിയിരുന്നു. ഡികെ ശിവകുമാറും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ജിതേന്ദ്ര സിങ്ങും കെ.സി വേണുഗോപാലും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയുക്ത എം.എൽ. എമാർ നാളെ ബംഗളൂരുവിൽ ഉണ്ടാകണമെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്.
ഡികെ ശിവകുമാർ മുന്നോട്ടുവെച്ച നിബന്ധനകൾ മല്ലികാർജുൻ ഖാർഗെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യും. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.
ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കർണാടക മുഖ്യമന്തിയാക്കുന്നതിനോടാണു ഹൈക്കമാൻഡിനു കൂടുതൽ താൽപര്യം. പക്ഷെ ഡി.കെ.ശിവകുമാറിനെ എങ്ങനെ അനുനയിപ്പിക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. ഇന്നലെ ചർച്ചകൾ നടന്നെങ്കിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം എടുത്തിട്ടില്ല. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. സോണിയയുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യ്ക്കും ശിവകുമാറിനുമിടയിൽ സമവായ നീക്കങ്ങൾക്കാണ് കോൺഗ്രസ് ലക്ഷ്യംവെയ്ക്കുന്നത്.
ആദ്യ ടേമിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുത്താൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് താൻ മാത്രമാകണമെന്നും മന്ത്രിസഭയിലെ താക്കോൽ സ്ഥാനങ്ങൾ താൻ നിർദേശിക്കുന്നവർക്ക് നൽകണം എന്നുമാണ് ഡി.കെ ശിവകുമാറിന്റെ ആവശ്യം.
Adjust Story Font
16