Quantcast

കർണാടക ബി.ജെ.പിയിൽ വീണ്ടും പ്രതിസന്ധി?; രഹസ്യയോഗം ചേർന്ന് അസംതൃപ്തരായ നേതാക്കൾ

സംസ്ഥാനത്ത് വീണ്ടും പദയാത്ര നടത്താൻ തീരുമാനം

MediaOne Logo

Web Desk

  • Published:

    12 Aug 2024 5:28 AM GMT

Crisis again in Karnataka BJP?; Disgruntled leaders held a secret meeting
X

ബെം​ഗളൂരു: കർണാടക ബി.ജെ.പിയിൽ വീണ്ടും ആ​ഭ്യന്തര പ്രതിസന്ധി. അതൃപ്തരായ ചില നേതാക്കൾ പദയാത്ര നടത്താൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കോൺ​ഗ്രസ് സർക്കാരിനെതിരായ മഹർഷി വാത്മീകി കോർപ്പറേഷൻ അഴിമതിയും എസ്‌.സി/എസ്‌.ടി ക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ട് വകമാറ്റവും ഉയർത്തിക്കാട്ടാനാണ് പദയാത്ര നടത്തുന്നത്. കുടലസംഗമ മുതൽ ബല്ലാരി വരെയായിരിക്കും കാൽനട ജാഥ.

മൈസൂരു ചലോ പദയാത്രയുടെ സമാപനത്തിന് ശേഷം, പാർട്ടിയിലെ അസംതൃപ്തരായ 10ലധികം നേതാക്കൾ ഞായറാഴ്ച ഒരു റിസോർട്ടിൽ രഹസ്യയോഗം ചേർന്നു. എം.എൽ.എമാരായ രമേഷ് ജാർക്കിഹോളി, ബസനഗൗഡ പാട്ടീൽ യത്നാൽ, മുൻ എം.പിമാരായ അണ്ണാസാഹെബ് ജോലെ, പ്രതാപ് സിംഹ, ജി.എം സിദ്ധേശ്വര, മുൻ മന്ത്രി അരവിന്ദ് ലിംബാവലി, കുമാർ ബംഗാരപ്പ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വീണ്ടും പദയാത്ര നടത്താൻ തീരുമാനിച്ച വിവരം നേതാക്കൾ അറിയിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, മുതിർന്ന നേതാവ് ബി.എസ് യെദ്യൂരപ്പ എന്നിവരോട് അതൃപ്തിയുള്ള നേതാക്കളാണ് യോഗം ചേർന്നത്. ഇരുവർക്കുമെതിരെ പാർട്ടിയുടെ കേന്ദ്ര നേതാക്കൾക്ക് പരാതി നൽകാനും ആലോചനയുള്ളതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

'പദയാത്രയ്ക്ക് മുമ്പ് പാർട്ടി കേന്ദ്ര നേതാക്കളുമായി ഒരു ചർച്ച നടത്തും. അതിനുപുറമെ, ചില നേതാക്കൾ കൂടിച്ചേർന്ന് ബെംഗളൂരുവിൽ മറ്റൊരു ചർച്ചയുമുണ്ടാവും. മുഡ അഴിമതിക്കെതിരായ പദയാത്ര മൈസൂരുവിൽ മാത്രം ഒതുങ്ങി. എന്നാലും, ഞങ്ങളുടെ പോരാട്ടം മുഴുവൻ സംസ്ഥാനത്തെയും ബാധിക്കുന്നതാണ്. പദയാത്രയിലേക്ക് കേന്ദ്ര നേതാക്കളെ ക്ഷണിക്കാനും പദ്ധതിയുണ്ട്.'- നേതാക്കൾ പറഞ്ഞു.

TAGS :

Next Story