Quantcast

മണിപ്പൂർ കലാപം: അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ ബഹുമാനപൂർവം ദഹിപ്പിക്കണം; സുപ്രിംകോടതി സമിതി

96 മൃതദേഹങ്ങളാണ് വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ അവകാശികളില്ലാതെ കിടക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Sep 2023 4:16 AM GMT

manipur violence, Manipur police , Supreme Court ,മണിപ്പൂർ കലാപം,സുപ്രിംകോടതി സമിതി,കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം, മണിപ്പൂര്‍ കലാപം,
X

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട അവകാശികളില്ലാത്തവരുടെ മൃതദേഹം ബഹുമാനപൂർവം ദഹിപ്പിക്കണമെന്ന് സുപ്രിംകോടതി സമിതി. ആദ്യം മോർച്ചറികളിലുള്ള മൃതദേഹങ്ങളുടെ പട്ടിക പരസ്യപ്പെടുത്തണം. അവകാശികൾ വന്നില്ലെങ്കിൽ സർക്കാർ നേതൃത്വം കൊടുത്ത് ദഹിപ്പിക്കണമെന്നും സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതി നിർദേശിച്ചു. 96 മൃതദേഹങ്ങളാണ് അവകാശികളില്ലാതെ കിടക്കുന്നത്.

ഈ വർഷം മേയിൽ തുടങ്ങിയ കലാപത്തിൽ ഏകദേശം 175 ലധികം പേർ കൊല്ലപ്പെട്ടെന്നാണ് മണിപ്പൂർ പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടവരിൽ പകുതിയിലധികം പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മണിപ്പൂരിലെ അക്രമ സംഭവങ്ങളുടെ മാനുഷിക വശങ്ങൾ പരിശോധിക്കാൻ റിട്ട. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സുപ്രിംകോടതി കഴിഞ്ഞ മാസം രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കലാപത്തിൽ മരിച്ചവരുടെ പട്ടിക സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച് അടുത്ത ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുക എന്നതാണ് മൂന്നംഗ സമിതിയുടെ പ്രധാന നിർദേശം. ഈ ശ്രമങ്ങൾ പരാജയപ്പെട്ടാൽ മാന്യമായ രീതിയിൽ സംസ്‌കരിക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.

കലാപത്തിന്റെ ആദ്യ ദിവസങ്ങളിൽ കൊല്ലപ്പെട്ട പലരുടെയും മൃതദേഹങ്ങൾ ഇംഫാലിലെ ജെ.എൻ.ഐ.എം.എസ്, ആർ.ഐ.എം,എസ് ആശുപത്രി, ചുരാചന്ദ്പൂർ ജില്ലാ ആശുപത്രി എന്നിവയുടെ മോർച്ചറികളിലാണ് സൂക്ഷിച്ചിരിക്കുന്നത്.


TAGS :

Next Story