കമാൽ മൗല മസ്ജിദിൽ വിഗ്രഹം കണ്ടെത്തിയെന്ന് ഹിന്ദുത്വ നേതാവ്
കമാൽ മൗല മസ്ജിദ് സരസ്വതി ദേവിയുടെ ക്ഷേത്രമായിരുന്നുവെന്ന അവകാശവാദവുമായി ഹിന്ദുത്വവാദികൾ നേരത്തെ രംഗത്തെത്തിയിരുന്നു.
ധർ: മധ്യപ്രദേശിലെ ധറിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഭോജ്ശാല കമാൽ മൗല മസ്ജിദ് അങ്കണത്തിൽ വിഗ്രഹം കണ്ടെടുത്തെന്ന അവകാശവാദവുമായി ഹിന്ദുത്വ നേതാവ് രംഗത്ത്. ഭോജ്ശാല മുക്തി യാഗ കൺവീനർ ഗോപാൽ ശർമയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തുന്ന ഖനനത്തിൽ വിഗ്രഹസമാന വസ്തുക്കൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്. എ.എസ്.ഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കമാൽ മൗല മസ്ജിദ് സരസ്വതി ദേവിയുടെ ക്ഷേത്രമായിരുന്നുവെന്ന അവകാശവാദവുമായി ഹിന്ദുത്വവാദികൾ നേരത്തെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ഇടപെട്ട മധ്യപ്രദേശ് ഹൈക്കോടതി മാർച്ച് 11ന് മസ്ജിദ് അങ്കണത്തിൽ ഖനനത്തിന് എ.എസ്.ഐയെ ചുമതലപ്പെടുത്തിയിരുന്നു.
അങ്കണത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് വാസുകി നാഗരാജന്റെ കല്ലിൽ തീർത്ത വിഗ്രഹം കണ്ടെത്തിയെന്നാണ് ഗോപാൽ ശർമയുടെ വാദം. ഗോപാൽ ശർമയുടെ അവകാശവാദത്തിനെതിരെ മസ്ജിദ് കമ്മിറ്റി രംഗത്തുവന്നു. സർവേയുള്ള പരിധിക്ക് പുറത്തുള്ള ഭാഗത്തുനിന്നാണ് വിഗ്രഹം കണ്ടെത്തിയെന്ന് ഗോപാൽ ശർമ അവകാശപ്പെടുന്നതെന്ന് കമാൽ മൗല വെൽഫെയർ പ്രസിഡന്റ് അബ്ദുസമദ് പറഞ്ഞു. അങ്കണത്തിന് സമീപത്തായി പഴയ കെട്ടിടത്തിന്റെ ഭാഗമായി ഒരു കുടിലുണ്ട്. അവിടെനിന്നാണ് വിഗ്രഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇത് എങ്ങനെ വന്നുവെന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16