Quantcast

ഏഴ് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; വ്യാജ സന്ദേശത്തിൽ താറുമാറായി വിമാന സർവീസുകൾ

അന്താരാഷ്ട്ര സർവീസുകളടക്കമുള്ളവ വഴിതിരിച്ചുവിടുകയും മണിക്കൂറുകളോളം വൈകുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    16 Oct 2024 9:05 AM GMT

ഏഴ് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; വ്യാജ സന്ദേശത്തിൽ താറുമാറായി വിമാന സർവീസുകൾ
X

ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണിമൂലം കഴിഞ്ഞ ദിവസം രാജ്യത്ത് വഴിതിരിച്ചുവിട്ടതും മണിക്കൂറുകളോളം വൈകിയതും ഏഴ് വിമാനങ്ങൾ. മിക്ക സ​ന്ദേശങ്ങളും വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ആയിരക്കണക്കിന് യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും സുരക്ഷാജീവനക്കാർക്കും ശ്വാസം നേരെ വീണത്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സ്പൈസ് ജെറ്റ്, അലയൻസ് എയർ എന്നിവയുടെ വിമാനങ്ങൾക്കാണ് ചൊവ്വാഴ്ച വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് വിമാനങ്ങളിൽ ചിലത് വഴിതിരിച്ചുവിടുകയും മണിക്കൂറുകളോളം വൈകുകയും ചെയ്തു. അന്താരാഷ്ട്ര സർവീസുകളെയടക്കം ബോംബ് ഭീഷണി സന്ദേശം ബാധിച്ചു. മുംബൈയിൽ നിന്നുള്ള മൂന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾക്കും എയർ ഇന്ത്യയുടെ ഒരുവിമാനത്തിനുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യയുടെ ഡൽഹി-ചിക്കാഗോ വിമാനം, ഇൻഡിഗോയുടെ ദമാം- ലഖ്നൗ വിമാനം, എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ജയ്പൂർ-അയോധ്യ-ബെംഗളൂരു വിമാനം, മധുര-സിംഗപ്പൂർ വിമാനം ആകാശ എയറിന്റെ ബഗ്ദോര-ബെംഗളൂരു വിമാനം, സ്‌പൈസ് ജെറ്റിന്റെ ദർഭംഗ -മുംബൈ വിമാനം, അലയൻസ് എയറിന്റെ അമൃത്സർ-ഡെറാഡൂൺ വിമാനം എന്നിവക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്ക് സർവീസ് നടത്തിയ വിമാനം വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കാനഡയിലെ ഇക്വാല്യൂറ്റ് എയർപോർട്ടിൽ ഇറക്കിയതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു. സമാനമായ രീതിയിൽ പ്രമുഖ ഇന്ത്യൻ എയർലൈനുകളുടെ ഒന്നിലധികം വിമാനങ്ങൾക്കാണ് ചൊവ്വാഴ്ച സോഷ്യൽ മീഡിയ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

മിക്ക ഭീഷണികളും വ്യാജമാണെന്ന് കണ്ടെത്തി. കൃത്യമായ പരിശോധനകൾക്കും യാത്രക്കാരുടെ സ്ക്രീനിംഗിനും ശേഷമാണ് സുരക്ഷാ ഏജൻസികൾ വിമാനങ്ങൾക്ക് സർവീസിന് അനുമതി നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ @schizobomber777 - എന്ന അക്കൗണ്ടിൽ നിന്നാണ് എല്ലാ ഭീഷണികളും വന്നത്. അക്കൗണ്ട് എക്‌സ് സസ്‌പെൻഡ് ചെയ്തു.

അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെയോ ഗ്രൂപ്പിനെയോ തിരിച്ചറിയാൻ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. മിക്ക ബോംബ് ഭീഷണികളും വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും ആഗോളതലത്തിലെ വിമാനക്കമ്പനികൾ ഇതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വ്യാജ ഭീഷണിക്ക് പിന്നിലുള്ളവർക്കെതി​രെ നിയമനടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. ഇൻഡിഗോയുടെ ദമ്മാം -ലക്‌നൗ വിമാനം വൈകുന്നേരം 6:25 ന് ലഖ്നൗവിൽ എത്തേണ്ടിയിരുന്നതാണ്. ബോംബ് ഭീഷണിയെതുടർന്ന് ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ജയ്പൂർ-അയോധ്യ-ബെംഗളൂരു വിമാനം അയോധ്യ വിമാനത്താവളത്തിൽ മണിക്കൂറുകളോളം പിടിച്ചിട്ടത്. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം ഏകദേശം മൂന്നര മണിക്കൂർ വൈകിയാണ് വിമാനം ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.

എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെയും ആകാശ എയർ, സ്‌പൈസ് ജെറ്റിന്റെ ​ൈഫ്ലറ്റുകൾക്ക് ഭീഷണി ​സന്ദേശം ലഭിച്ചത് ലാൻഡ് ചെയണ്ടേ എയർപ്പോർട്ടിന് സമീപത്തുവെച്ചായതിനാൽ വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നില്ല. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മധുര-സിംഗപ്പൂർ വിമാനം വൈകുന്നേരത്തോടെ സിംഗപ്പൂരിൽ സുരക്ഷിതമായി ഇറക്കി.കഴിഞ്ഞ മാസം, മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താര വിമാനം വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.

TAGS :

Next Story