Quantcast

മതത്തിന്‍റെ പേരില്‍ മനസ്സുകളെ ഭിന്നിപ്പിക്കുന്നു; ഹിജാബ് വിലക്ക് പിന്‍വലിക്കുന്നതിനെതിരെ ബി.ജെ.പി

സിദ്ധരാമയ്യയുടെ തീരുമാനം നമ്മുടെ വിദ്യാഭ്യാസ ഇടങ്ങളുടെ മതേതര സ്വഭാവത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നുവെന്ന് വിജയേന്ദ്ര എക്സില്‍ കുറിച്ചു

MediaOne Logo

Web Desk

  • Published:

    23 Dec 2023 6:11 AM GMT

Vijayendra Yediyurappa
X

വിജയേന്ദ്ര യെദ്യൂരപ്പ

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ഉടന്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിനു പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ബി.ജെ.പി അധ്യക്ഷന്‍ വിജയേന്ദ്ര യെദ്യൂരപ്പ . യുവ മനസ്സുകളെ മതത്തിന്‍റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം നമ്മുടെ വിദ്യാഭ്യാസ ഇടങ്ങളുടെ മതേതര സ്വഭാവത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നുവെന്ന് വിജയേന്ദ്ര എക്സില്‍ കുറിച്ചു. ''വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കുന്നതിലൂടെ സിദ്ധരാമയ്യ സർക്കാർ യുവ മനസ്സുകളെ മതത്തിന്‍റെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഉൾക്കൊള്ളുന്ന പഠന അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്നു.വിഭജന രീതികളേക്കാൾ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുകയും മതപരമായ ആചാരങ്ങളുടെ സ്വാധീനമില്ലാതെ വിദ്യാർത്ഥികൾക്ക് അക്കാദമിക് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് നിർണായകമാണ്.ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആര്‍ക്കും സ്കൂളുകളില്‍ ഹിജാബ് വേണമെന്ന് നിര്‍ബന്ധമില്ല. നിങ്ങള്‍ ഒരു സമുദായത്തിന്‍റെ മാത്രമല്ല, സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ്. കർണാടക ഹൈക്കോടതിയും സുപ്രീം കോടതിയും ഈ വിഷയത്തിൽ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുടെ അവസ്ഥ ദയനീയമാണ്'' വിജയേന്ദ്രയുടെ ട്വീറ്റില്‍ പറയുന്നു.

"സ്കൂളുകളിലും കോളേജുകളിലും ഹിജാബ് അനുവദിക്കരുത്, ഇക്കാര്യത്തിൽ സിദ്ധരാമയ്യയുടെ തീരുമാനത്തെ ബിജെപി ശക്തമായി അപലപിക്കുന്നു.സംസ്ഥാനത്തെ കർഷകർ കടുത്ത ദുരിതത്തിലായിരിക്കെ, അവരെ അഭിസംബോധന ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഹിജാബ് വിഷയത്തിലാണ് താല്‍പര്യം'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ഇന്‍ഡ്യാ മുന്നണിയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കര്‍ണാടക ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഹിജാബ് നിരോധനം ഉടന്‍ പിന്‍വലിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞത്. "ഹിജാബ് നിരോധനം ഉണ്ടാവില്ല. സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിരോധന ഉത്തരവ് പിൻവലിക്കാൻ ഞാൻ നിർദേശിച്ചിട്ടുണ്ട്. നിങ്ങൾ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ഞാൻ എന്തിന് നിങ്ങളെ തടസപ്പെടുത്തണം?. സംസ്ഥാനത്തെ ജനങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാനും കഴിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. "നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കൂ. ഇഷ്ടമുള്ളത് കഴിക്കൂ. എനിക്ക് ഇഷ്ടമുള്ളത് ഞാൻ കഴിക്കും, നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങളും കഴിക്കൂ. ഞാൻ ധോത്തി ധരിക്കുന്നു, നിങ്ങൾ പാന്റും ഷർട്ട് ധരിക്കുന്നു. അതിൽ എന്താണ് തെറ്റ്?"-എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. 2022ലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിച്ചത്.

TAGS :

Next Story