Quantcast

'ബെംഗളൂരുവിനെ ഒറ്റരാത്രി കൊണ്ട് മാറ്റാൻ ദൈവത്തിന് പോലും കഴിയില്ല'; ഡി.കെ ശിവകുമാറിന്റെ പരാമർശത്തിൽ വിവാദം

സിദ്ധരാമയ്യ സർക്കാരിന്റെ കഴിവുകേടാണ് ശിവകുമാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് ബിജെപി നേതാവ് മോഹൻ കൃഷ്ണ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    21 Feb 2025 1:11 PM

DK Shivakumars Remark Sparks Row
X

ബെംഗളൂരു: ബെംഗളൂരു നഗരത്തെ ഒറ്റരാത്രി കൊണ്ട് മാറ്റാൻ ദൈവത്തിന് പോലും കഴിയില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മാറ്റം സാധ്യമാകണമെങ്കിൽ കൃത്യമായ ആസൂത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിബിഎംപി ആസ്ഥാനത്ത് നടന്ന റോഡ് നിർമാണത്തെ കുറിച്ചുള്ള ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ബെംഗളൂരുവിനെ ഒറ്റരാത്രി കൊണ്ട് മാറ്റാൻ കഴിയില്ല. ദൈവത്തിന് പോലും അത് സാധ്യമല്ല. കൃത്യമായ ആസൂത്രണവും അത് നന്നായി നടപ്പാക്കുകയും ചെയ്താൽ മാത്രമേ മാറ്റം സാധ്യമാകൂ''-ശിവകുമാർ പറഞ്ഞു.

റോഡുകൾ, നടപ്പാതകൾ, ഹരിത ഇടങ്ങൾ തുടങ്ങിയ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഏകീകൃതവും ഗുണനിലവാരമുള്ളതുമാകണം. ബസ് സ്റ്റോപ്പുകൾക്കും മെട്രോ തൂണുകൾക്കും ട്രാഫിക് ജങ്ഷനുകൾക്കുമെല്ലാം പൊതുവായ രൂപകൽപ്പന കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

ശിവകുമാറിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. സിദ്ധരാമയ്യ സർക്കാരിന്റെ കഴിവുകേടാണ് ശിവകുമാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് ബിജെപി നേതാവ് മോഹൻ കൃഷ്ണ ആരോപിച്ചു.

സോഷ്യൽ മീഡിയയിലും ശിവകുമാറിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. താങ്കൾ മന്ത്രിയായിട്ട് രണ്ട് വർഷമായി. ശക്തനായ മന്ത്രിയെന്ന നിലയിൽ താങ്കൾക്ക് കയ്യടിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ജനങ്ങളുടെ ജീവിതം കൂടുതൽ മോശമാവുകയാണ് ചെയ്തതെന്ന് സാമ്പത്തിക വിദഗ്ധനും ആരിൻ കാപിറ്റൽ ചെയർമാനുമായ മോഹൻദാസ് പൈ എക്‌സിൽ കുറിച്ചു.

TAGS :

Next Story