ഗവര്‍ണര്‍ക്കെതിരെ പരസ്യ ഭീഷണി: ഡി.എം.കെ നേതാവിന് സസ്പെന്‍ഷന്‍
അംബേദ്കറുടെ പേരു പരാമർശിക്കുന്ന ഭാഗം വായിക്കാതിരുന്ന ഗവർണറോട് കശ്മീരിലേക്ക് പോവാനാണ് ഡി.എം.കെ നേതാവ് ആവശ്യപ്പെട്ടത്
ചെന്നൈ: തമിഴ്നാട് ഗവര്‍ണറെ ഭീഷണിപ്പെടുത്തിയ നേതാവിനെ ഡി.എം.കെ സസ്പെന്‍ഡ് ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തില്‍ അംബേദ്കറുടെ പേരു പരാമര്‍ശിക്കുന്ന ഭാഗം വായിക്കാതിരുന്ന ഗവര്‍ണര്‍ ആര്‍.എന്‍ രവിയോട് കശ്മീരിലേക്ക് പോവാനാണ് ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടത്. ശിവാജി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും നിലപാടെടുത്ത ഡി.എം.കെ അദ്ദേഹത്തെ താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തു.
തമിഴ്നാട്ടില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ ആര്‍.എന്‍ രവിയോട് കശ്മീരിലേക്ക് പോവാന്‍ ഡി.എം.കെ നേതാവ് ആവശ്യപ്പെട്ടത്- "ഇന്ത്യയുടെ ഭരണഘടനാശില്‍പ്പിയായ അംബേദ്കറിന്റെ പേര് പറയാൻ തമിഴ്‌നാട്ടിൽ ഈ മനുഷ്യൻ വിസമ്മതിച്ചാൽ, ചെരിപ്പുകൊണ്ട് അടിക്കാൻ എനിക്ക് അവകാശമുണ്ടോ ഇല്ലയോ? നിങ്ങൾ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തതല്ലേ? അദ്ദേഹത്തിന്റെ പേര് പറയാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങൾ കശ്മീരിലേക്ക് പോകൂ. ഞങ്ങൾ തന്നെ തീവ്രവാദിയെ അയക്കാം. വെടിവെച്ച് കൊല്ലട്ടെ"- എന്നാണ് ശിവാജി കൃഷ്ണമൂര്‍ത്തി പറഞ്ഞത്.
വിദ്വേഷ പരാമര്‍ശം നടത്തിയ ഡി.എം.കെ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി തമിഴ്നാട് വൈസ് പ്രസിഡന്‍റ് നാരായണ്‍ ത്രിപാഠി ആവശ്യപ്പെട്ടു. ഗവർണറെ കൊല്ലാൻ തീവ്രവാദികളെ അയക്കുമെന്ന് പറഞ്ഞ നേതാവിനെതിരെ എന്‍.ഐ.എ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. എം.കെ സ്റ്റാലിന് കീഴില്‍ ഇത് പുതിയ സംസ്കാരമാണെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ എപ്പോഴും ഡി.എം.കെ നേതാക്കള്‍ അധിക്ഷേപിക്കുകയാണെന്ന് ബി.ജെ.പിയുടെ തമിഴ്നാട്ടിലെ അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. പൊലീസിന്‍റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളെ ഡി.എം.കെയുടെ പ്രാദേശിക നേതാക്കള്‍ അവരുടെ ഓഫീസുകളാക്കി മാറ്റിയെന്നും അണ്ണാമലൈ ആരോപിച്ചു.
തമിഴ്‌നാടിനെ സമാധാനത്തിന്റെ അഭയസ്ഥാനമെന്ന് വിശേഷിപ്പിച്ചത് ഉള്‍പ്പെടെയുള്ള നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവാതിരുന്നതാണ് ഡി.എം.കെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. മതനിരപേക്ഷതയെക്കുറിച്ചും പെരിയാർ, ബി.ആർ അംബേദ്കർ, കെ കാമരാജ്, സി.എൻ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെക്കുറിച്ചുള്ള പരാമർശങ്ങളും ഗവർണർ ഒഴിവാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ നേരത്തെ തയ്യാറാക്കിയ സമ്പൂര്‍ണ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഇതോടെ ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Summary- A member of Tamil Nadu's ruling DMK party has been suspended for publicly abusing and threatening Governor RN Ravi amid an ongoing row between the two sides that spiked this week over a speech in the assembly
Adjust Story Font
16