സ്റ്റാലിന്റെ ജന്മദിനാഘോഷം പ്രതിപക്ഷ ഐക്യവേദിയാക്കാൻ ഡി.എം.കെ; ഖാർഗെ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും
ജന്മദിനാഘോഷം ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ തുടക്കമാകുമെന്ന് ഡി.എം.കെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ എസ്.ദുരൈ മുരുകൻ പറഞ്ഞു.
MK Stalin
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ജന്മദിനം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പാക്കാൻ ഡി.എം.കെ നീക്കം. 70-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മാർച്ച് ഒന്നിന് ചെന്നൈ നന്ദനം വൈ.എം.സി.എ മൈതാനത്ത് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ പങ്കെടുക്കും.
ജന്മദിനാഘോഷം ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ തുടക്കമാകുമെന്ന് ഡി.എം.കെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ എസ്.ദുരൈ മുരുകൻ പറഞ്ഞു. ജന്മദിനത്തിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് ഡി.എം.കെ ആസൂത്രണം ചെയ്യുന്നത്.
ഓരോ കുടുംബത്തിലെയും വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും. മാർച്ച് ഒന്നിന് തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനക്കുന്ന കുട്ടികൾക്ക് സ്വർണമോതിരം സമ്മാനമായി നൽകും. പാർട്ടി പൊതുയോഗങ്ങൾ, സ്‌പോർട്‌സ് മീറ്റുകൾ, മാരത്തൺ, ആശയസംവാദ പരിപാടികൾ, കർഷകർക്ക് വൃക്ഷത്തൈ വിതരണം, രക്തദാന ക്യാമ്പുകൾ, സമൂഹ ഉച്ചഭക്ഷണം, മധുര പലഹാര വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ചെന്നൈ പാരിമുനൈ രാജാ അണ്ണാമലൈ മൺറത്തിൽ സംഘടിപ്പിക്കുന്ന സ്റ്റാലിൻ കടന്നുവന്ന പാത ഫോട്ടോ പ്രദർശന മേള ഫെബ്രുവരി 28ന് നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും.
Adjust Story Font
16