ഒരു ട്രെയിൻ ഉണ്ടാക്കാനുള്ള ചെലവ് എത്രയാണെന്ന് അറിയാമോ? കേട്ടാൽ ഞെട്ടരുത്...
അഗ്നിപഥ് പ്രതിഷേധങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത് റെയിൽവേയ്ക്കാണ്
ഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി കത്തിപ്പടരുകയാണ്. ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവടങ്ങളിൽ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്.
പലയിടത്തും ട്രെയിനുകൾക്ക് തീവെച്ച് നശിപ്പിച്ചു. റെയിൽവെ സ്റ്റേഷനുകൾ ആക്രമിച്ചു. ബിഹാറിലെ ഭാഭുവ റോഡ് റെയിൽവേ സ്റ്റേഷനിൽ ഇന്റർസിറ്റി എക്സ്പ്രസിന്റെ ജനൽച്ചില്ലുകൾ തല്ലിത്തകർത്തു. കോച്ചിന് തീവെക്കുകയും ചെയ്തു. കൈമൂർ, ചപ്ര എന്നിവിടങ്ങളിലും സമരക്കാർ ട്രെയിനിന് തീയിട്ടു. ജഹാനാബാദിലും ആരായിലും റെയിൽവെസ്‌റ്റേഷനിൽ വ്യാപക അതിക്രമം നടന്നു. ചുരുക്കത്തിൽ അഗ്നിപഥ് പ്രതിഷേധങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത് റെയിൽവെയ്ക്കാണ്.
ഒരു കോച്ച് കത്തിനശിച്ചാൽ മാത്രം റെയിൽവെക്ക് നഷ്ടമാകുന്നത് കോടികളാണ്. അപ്പോൾ ഒരു ട്രെയിൻ മുഴുവനായി കത്തി നശിച്ചാൽ എത്രരൂപയോളം നഷ്ടമുണ്ടാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...ഇല്ലെങ്കിൽ അതിന്റെ വിശദാംശങ്ങൾ അറിയാം.
ഇന്ത്യൻ റെയിൽവേയിൽ രണ്ട് തരം കോച്ചുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒന്ന് പരമ്പരാഗത ഐസിഎഫ് കോച്ചുകളും മറ്റൊന്ന് പുതിയ രീതിയിലുള്ള ലിങ്ക് ഹോഫ്മാൻ ബുഷ് അഥവാ എൽഎച്ച്ബി കോച്ചുകളുമാണ്. എൽഎച്ച്ബി കോച്ചുകൾ ജർമ്മൻ മോഡലിൽ രൂപകൽപ്പന ചെയ്ത കോച്ചുകളാണ്. ഇത് കൂടുതൽ സുരക്ഷിതമാണെന്നാണ് റെയിൽവെ പറയുന്നത്. അപകടങ്ങൾ ഉണ്ടാകുമ്പോൾ ഈ കോച്ചുകൾ ഒന്നിനു മുകളിൽ ഒന്നായി കയറുകയോ പിണങ്ങുകയോ ചെയ്യില്ല. അതുവഴി ആളപായങ്ങൾ കുറക്കാൻ സാധിക്കുകയും ചെയ്യും.
ഈ കോച്ചുകളുടെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. നിലവിൽ 15,000 എൽഎച്ച്ബി കോച്ചുകളും 35,000 ഐസിഎഫ് കോച്ചുകളുമാണ് റെയിൽവേയിൽ ഉപയോഗിക്കുന്നത്. ഐസിഎഫ് കോച്ചുകളുടെ ഉത്പാദനം 2018 ൽ നിർത്തുകയും ചെയ്തിട്ടുണ്ട്.
എൽഎച്ച്ബി കോച്ചിന്റെ നിർമ്മാണച്ചെലവ് 2.5 കോടി രൂപയാണ്. എൽഎച്ച്ബി കോച്ചുകളുടെ മുഴുവൻ റേക്കിനും ഏകദേശം 40 കോടി രൂപ ചെലവാകും. അങ്ങനെ വരുമ്പോൾ ഒരു ട്രെയിനിന് ഏകദേശം 110 കോടി രൂപയോളം ചെലവ് വരും. ഐ.സി.എഫ് കോച്ചുകളിൽ സ്ലീപ്പർ ക്ലാസിന് 79.31 ലക്ഷമാണ് ചെലവ് വരുന്നത്. ജനറൽ ക്ലാസിന് 72.16 ലക്ഷവും എസി കോച്ചിന് 1.5 കോടിയുമാണ് ചെലവാകുന്നത്. പാഴ്‌സൽ വാൻ- 56.76 ലക്ഷം,ലഗേജും ബ്രേക്ക് വാനും- 68.26 ലക്ഷം എന്നിവയാണ് മറ്റ് ചെലവുകൾ.
എൽ.എച്ച്.ബി കോച്ചുകളിൽ സ്ലീപ്പർ ക്ലാസിന് 1.68 കോടിയും ജനറൽ ക്ലാസിന് 1.67 കോടിയും എസി 3 ടയറിന് 2.36 കോടിയുമാണ് ചെലവ് വരുന്നത്. എസി 2ടയർ- 2.30 കോടി, എസി ഫസ്റ്റ് ക്ലാസ്- 2.30 കോടി, ലഗേജ്, പാഴ്‌സൽ & ജനറേറ്റർ കാർ- 3.03 കോടി, പാൻട്രി കാർ: 2.32 കോടിയുമാണ് മറ്റ് കോച്ചുകളുടെ ചെലവ് വരുന്നത്. ലോക്കോമോട്ടീവുകളിൽ ഇലക്ട്രിക്ക ലിന് 12.38 കോടിയും ഡീസലിന് 13 കോടിയും ചെലവ് വരുന്നുണ്ട്.
ഇത്രയും കോടികൾ ചെലവഴിച്ചാണ് ഓരോ ട്രെയിനിന്റെയും കോച്ചുകൾ നിർമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ രാജ്യത്തുടനീളം നശിപ്പിക്കപ്പെട്ട ട്രെയിനുകളുടെ നഷ്ടം കണക്കുകൂട്ടിയാൽ ഭീമമമായ തുക തന്നെ വരും.
Adjust Story Font
16