Quantcast

'ആളുകളെ കെട്ടിയിട്ട് തല്ലാൻ നിങ്ങൾക്കാര് അധികാരം തന്നു'; മുസ്‌ലിം യുവാക്കളെ തൂണിൽ ബന്ധിച്ച് മർദിച്ച ​ഗുജറാത്ത് പൊലീസുകാരോട് സുപ്രിംകോടതി

പൊലീസുകാരോട് രോഷാകുലനായ ജസ്റ്റിസ് ​ഗവായ്, 'പോയി കസ്റ്റഡി ആസ്വദിക്കൂ' എന്നും പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-01-23 16:40:28.0

Published:

23 Jan 2024 4:17 PM GMT

Do you have authority to tie people to a pole and beat them Supreme Court Asks Gujarat Police on flogging case
X

ന്യൂഡൽഹി: ​ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഗ്രാമത്തിൽ മുസ്‌ലിംകളായ അഞ്ച് യുവാക്കളെ തൂണിൽ കെട്ടിയിട്ട് പരസ്യമായി ചാട്ടവാർ കൊണ്ട് തല്ലിച്ചതച്ച പൊലീസുകാരെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. ആളുകളെ തൂണിൽ കെട്ടിയിട്ട് തല്ലാൻ നിങ്ങൾക്ക് എവിടെ നിന്ന് അധികാരം കിട്ടിയെന്ന് കോടതി രോഷത്തോടെ ചോദിച്ചു. പൊലീസുകാരുടെ പെരുമാറ്റം ക്രൂരവും അസ്വീകാര്യവുമാണെന്നും കോടതി വ്യക്തമാക്കി. 2022 ഒക്ടോബറിലായിരുന്നു സംഭവം.

കേസിൽ, 2023 ഒക്‌ടോബർ 19ലെ ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഇൻസ്‌പെക്ടർ എ.വി പർമർ, സബ് ഇൻസ്‌പെക്ടർ ഡി.ബി കുമാവത്, ഹെഡ് കോൺസ്റ്റബിൾ കെ.എൽ ദാഭി, കോൺസ്റ്റബിൾ ആർ.ആർ ദാഭി എന്നിവർ നൽകിയ അപ്പീൽ പരി​ഗണിക്കവെയാണ് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിമർശനമുന്നയിച്ചത്.

സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് കോടതിയലക്ഷ്യത്തിന് 14 ദിവസത്തെ തടവ് ശിക്ഷയാണ് പൊലീസുകാർക്ക് അന്ന് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയായിരുന്നു കുറ്റക്കാരായ പൊലീസുകാരുടെ അപ്പീൽ ഹരജി.

ആളുകളെ തൂണിൽ കെട്ടിയിട്ട് തല്ലാൻ നിയമപ്രകാരം നിങ്ങൾക്ക് അധികാരമുണ്ടോയെന്ന് പൊലീസുകാരോട് രോഷാകുലനായി ചോദിച്ച ജസ്റ്റിസ് ഗവായ്, പോയി കസ്റ്റഡി ആസ്വദിക്കൂ എന്നും പറഞ്ഞു. ജസ്റ്റിസ് മേത്ത ഉദ്യോഗസ്ഥരെ രൂക്ഷമായി ശാസിക്കുകയും ചെയ്തു. "ഇതൊക്കെ എന്ത് തരം ക്രൂരതകളാണ്? പൊതുവിടത്തിൽ ആളുകളെ തൂണിൽ കെട്ടിയിട്ട് മർദിച്ച് അതിന്റെ വീഡിയോ എടുക്കുന്നു. അതിൽ ഈ കോടതി നിങ്ങൾക്കനുകൂലമായി ഇടപെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു"- എന്നായിരുന്നു ജസ്റ്റിസ് മേത്തയുടെ വിമർശനം.

എന്നാൽ, അവർ ഇതിനകം ക്രിമിനൽ പ്രോസിക്യൂഷനും വകുപ്പുതല നടപടികളും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണവും നേരിടുന്നുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവെയുടെ വാദം. ഉദ്യോ​ഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോവാനുള്ള ഹൈക്കോടതിയുടെ അധികാരപരിധിയാണ് ചോദ്യം ചെയ്യുന്നതെന്നും ദവെ പറഞ്ഞു.

മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച 1996ലെ ഡി.കെ ബസു കേസിലെ സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിലെടുത്തതിനും ചോദ്യം ചെയ്യുന്നതിനും തക്ക വിധത്തിൽ പൊലീസുകാർ മനഃപൂർവം അനുസരണക്കേട് കാട്ടിയിട്ടില്ലെന്നും ദവെ വാദിച്ചു. ഈ കോടതി വിധിയിൽ എന്തെങ്കിലും മനഃപൂർവം അനുസരണക്കേട് നടന്നോ എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. വിധിയെക്കുറിച്ച് പൊലീസുകാർക്ക് അറിയാമായിരുന്നോ എന്നതും പരിശോധിക്കണമെന്നും ദവെ പറഞ്ഞു.

എന്നാൽ നിയമത്തെക്കുറിച്ചുള്ള അജ്ഞത ശിക്ഷ ലഭിക്കാതിരിക്കാനുള്ള കാരണമല്ലെന്ന് ജസ്റ്റിസ് ഗവായ് തിരിച്ചടിച്ചു. ഡി.കെ ബസു കേസുമായി ബന്ധപ്പെട്ടുള്ള നിയമം എന്താണെന്ന് ഓരോ പൊലീസുകാരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

2022 ഒക്ടോബറിൽ ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഉന്ധേല ഗ്രാമത്തിലായിരുന്നു പൊലീസ് ക്രൂരത. നവരാത്രി പരിപാടിക്കിടെ ജനക്കൂട്ടത്തിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചാണ് അഞ്ച് മുസ്‌ലിം യുവാക്കളെ പൊലീസുകാർ തൂണികെട്ടിയിട്ട് ലാത്തി കൊണ്ട് തല്ലിച്ചതച്ചത്. മാതർ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരായിരുന്നു ഇവരെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പൊലീസുകാർക്കെതിരെ വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

TAGS :

Next Story