Quantcast

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപണം, വനിതാ ഡോക്ടർക്ക് നഷ്ടമായത് 59 ലക്ഷം

ടെലിഫോൺ റെ​ഗുലേറ്ററി അതോറിറ്റി ഉദ്യോ​ഗസ്ഥനാണെന്ന് ഫോണിൽ പരിചയപ്പെടുത്തിയയാൾ, അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കാൻ ഡോക്ടർ ഫോൺ ഉപയോഗിച്ചുവെന്ന് ആരോപിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    25 July 2024 12:46 PM GMT

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപണം, വനിതാ ഡോക്ടർക്ക് നഷ്ടമായത് 59 ലക്ഷം
X

ഡൽഹി: സൈബറിടത്തെ പുതിയ വെല്ലുവിളിയായ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ കുടുങ്ങി വനിതാ ഡോക്ടർ. നോയിഡയിൽ നിന്നുള്ള ഡോക്ടർ പൂജാ ​ഗോയലാണ് പരാതിയുമായി രംഗത്തെത്തിയത്. ടെലിഫോൺ റെ​ഗുലേറ്ററി അതോറിറ്റി ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് 59,54,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ജൂലായ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടെലിഫോൺ റെ​ഗുലേറ്ററി അതോറിറ്റി ഉദ്യോ​ഗസ്ഥനാണെന്ന് ഫോണിൽ പരിചയപ്പെടുത്തിയയാൾ ഡോക്ടർ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കാൻ ഫോൺ ഉപയോഗിച്ചുവെന്ന് ആരോപിക്കുകയായിരുന്നു. ഡോക്ടർ ഇത് നിഷേധിച്ചപ്പോൾ വീഡിയോ കോളിലെത്താൻ ആവശ്യപ്പെട്ടു. വീഡിയോകോളിലെത്തിയതോടെ വിഷയത്തിൽ ​ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് കബിളിപ്പിക്കുകയുമായിരുന്നു.

തുടർന്ന്, 48 മണിക്കൂറിന് ശേഷം 59,54,000 രൂപ ഒരു അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പണം കൈമാറിയത്. തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ ഡോക്ടർ സൈബർ ക്രൈം വിഭാ​ഗത്തെ സമീപിക്കുകയായിരുന്നു. പണം കൈമാറിയ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ വിവേക് ​​രഞ്ജൻ റായ് പറഞ്ഞു.

സൈബർ സാമ്പത്തിക തട്ടിപ്പ് ചതിക്കുഴിയിലെ പുതിയ രീതിയാണ് 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവിധ അന്വേഷണ ഏജൻസികളെന്ന വ്യാജേനയാകും തട്ടിപ്പ് സംഘം ഇരകളെ ബന്ധപ്പെടുന്നത്.

TAGS :

Next Story