Quantcast

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

ശിവ ഹോസ്പിറ്റലിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന യുവതിയുടെ ഭർത്താവിന്‍റെ പരാതിയിലാണ് ഗുഡ്ഗാവ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച ഉത്തരവിട്ടത്

MediaOne Logo

Web Desk

  • Published:

    20 Jan 2022 3:11 AM GMT

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; ഡോക്ടര്‍ക്കെതിരെ കേസ്
X

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചതിന് മെഡിക്കൽ അശ്രദ്ധയുടെ പേരിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഗുഡ്ഗാവ് കോടതിയുടെ ഉത്തരവ്. ശിവ ഹോസ്പിറ്റലിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന യുവതിയുടെ ഭർത്താവിന്‍റെ പരാതിയിലാണ് ഗുഡ്ഗാവ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച ഉത്തരവിട്ടത്.

2020 ഏപ്രിലിലാണ് സിക്കന്ദർപൂരിൽ താമസിക്കുന്ന ഡാർജിലിംഗ് സ്വദേശിയായ ദിവാസ് റായിയുടെ സ്വാസ്തിക ഗര്‍ഭിണിയാകുന്നത്. കോവിഡ് ലോക്ഡൌണ്‍ മൂലം ഈ സമയത്ത് ദിവാസിന് ജോലി നഷ്ടപ്പെട്ടിരുന്നു. പണമില്ലാത്തതിനാൽ ഭാര്യയെ സർക്കാർ അംഗൻവാടിയിലെത്തിച്ചു. ഭാര്യയെ സെക്ടർ-12ലെ ശിവ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ അങ്കണവാടി വർക്കർ തന്നോട് ആവശ്യപ്പെട്ടതായി ദിവാസ് പരാതിയില്‍ പറയുന്നു. ആശുപത്രിയിലെത്തിച്ച സ്വാസ്തികയെ നവംബര്‍ 16ന് സിസേറിയന് വിധേയയാക്കുകയും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ശസ്ത്രക്രിയക്കായി 30,000 രൂപ ഈടാക്കുകയും ചെയ്തു.

പ്രസവം കഴിഞ്ഞയുടൻ ഭാര്യക്ക് വയറുവേദനയും വയറ്റിൽ ചുവന്ന പാടുകളോടെ വീക്കവും അനുഭവപ്പെട്ടുവെന്നും തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെന്നും വേദന കുറയ്ക്കാൻ ഡോക്ടർമാർ കുറച്ച് വിറ്റാമിനുകളും മറ്റ് മരുന്നുകളും നൽകിയെന്നും റായ് ആരോപിച്ചു. എന്നാൽ ശിവ ഹോസ്പിറ്റൽ ഡോക്ടർമാർ നൽകിയ മരുന്നുകൾ ഫലിക്കാത്തതിനാൽ, റായി അവളെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ അവളുടെ വയറ്റിൽ എന്തെങ്കിലും ഉണ്ടെന്ന് ഡോക്ടർമാർ സംശയിക്കുകയും ചികിത്സ തുടങ്ങുകയും ചെയ്തു. പ്രസവശേഷം തന്‍റെ ഭാര്യയുടെ ശരീരഭാരം 16 കിലോ കുറഞ്ഞുവെന്ന് റായ് പറയുന്നു. മൂന്നാമത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയപ്പോള്‍ സിടി-സ്കാൻ ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോള്‍ വയറ്റില്‍ പഞ്ഞി ഉള്ളതായി കണ്ടെത്തി.

താൻ ഇക്കാര്യം ശിവ ഹോസ്പിറ്റലിൽ അറിയിച്ചതിന് ശേഷം അവർ ആദ്യം ഇത് അവഗണിച്ചെങ്കിലും പിന്നീട് തന്‍റെ വീട്ടിലേക്ക് ആംബുലൻസ് അയച്ചുവെന്നും തന്‍റെ അറിവോ സമ്മതമോ കൂടാതെ ഭാര്യയെ കൂട്ടിക്കൊണ്ടുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഓപ്പറേഷന്‍ ചെയ്ത് പഞ്ഞി നീക്കം ചെയ്യുകയും ചെയ്തു. റായ് പൊലീസിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കോടതിയുടെ ഉത്തരവനുസരിച്ച്, പോലീസ്, ഗുഡ്ഗാവിലെ സെക്ടർ 14 പൊലീസ് സ്റ്റേഷനിൽ, ശിവ ആശുപത്രിയിലെ ഡോ. പൂനം യാദവിനും ഡോ. ​​അനുരാഗ് യാദവിനും എതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. തങ്ങള്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story