Quantcast

10 കോടിയുടെ പണവും ആഭരണങ്ങളും കവർന്നു; ഡൽഹിയിൽ വീട്ടുജോലിക്കാരനും ബന്ധുവും അറസ്റ്റിൽ

ജൂലൈ നാലിനാണ് കവർച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥനും കുടുംബവും യു.എസിലേക്ക് പോകുമ്പോൾ വീടിന്റെ താക്കോൽ ജോലിക്കാരനെ ഏൽപ്പിക്കുകയായിരുന്നു. അഞ്ച് വർഷത്തോളമായി ഇയാൾ ഇവിടെയാണ് ജോലി ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    29 July 2022 9:33 AM GMT

10 കോടിയുടെ പണവും ആഭരണങ്ങളും കവർന്നു; ഡൽഹിയിൽ വീട്ടുജോലിക്കാരനും ബന്ധുവും അറസ്റ്റിൽ
X

ന്യൂഡൽഹി: 10 കോടി രൂപയോളം വില വരുന്ന പണവും ആഭരണങ്ങളും കവർന്ന കേസിൽ വീട്ടുജോലിക്കാരനും ബന്ധുവും അറസ്റ്റിൽ. ഡൽഹിയിലെ പഞ്ചാബി ഭാഗ് ഏരിയയിലാണ് സംഭവം. ബിഹാർ സ്വദേശിയായ മോഹൻ കുമാർ (26) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം അറസ്റ്റിലായ ബന്ധുവിന്റെ പ്രായം സംബന്ധിച്ച് സംശയമുള്ളതിനാൽ പരിശോധനക്കായി ജുവനൈൽ ഹോമിലേക്ക് മാറ്റി.

ജൂലൈ നാലിനാണ് കവർച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥനും കുടുംബവും യു.എസിലേക്ക് പോകുമ്പോൾ വീടിന്റെ താക്കോൽ ജോലിക്കാരനെ ഏൽപ്പിക്കുകയായിരുന്നു. അഞ്ച് വർഷത്തോളമായി ഇയാൾ ഇവിടെയാണ് ജോലി ചെയ്യുന്നത്.

ജൂലൈ 18നാണ് കുമാർ വീട്ടിൽ മോഷണം നടത്തിയതായി മറ്റു ജോലിക്കാരും ബന്ധുക്കളും വീട്ടുടമസ്ഥനെ അറിയിച്ചത്. കാറും പണവും ആഭരണങ്ങളും കവർന്നുവെന്ന് പരാതിയിൽ പറയുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വലിയ സ്യൂട്ട്‌കെയ്‌സുകളുമായി മോഹൻ കുമാർ വീട്ടുടമയുടെ കാറിൽ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. രമേശ്‌നഗർ മെട്രോ സ്‌റ്റേഷനിലെത്തിയ ശേഷം കാർ അവിടെ ഉപേക്ഷിക്കുകയായിരുന്നു.

കാറിൽ മോഹൻ കുമാറിനൊപ്പം മറ്റൊരാൾ കൂടിയുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അന്വേഷണത്തിൽ കുമാറിന്റെ അകന്ന ബന്ധുവായ ഇയാൾ മോഷണം നടന്നതിന്റെ തലേദിവസമാണ് ഇവിടെയെത്തിയതെന്ന് കണ്ടെത്തി. ബിഹാറിലെത്തിയ പൊലീസ് സംഘം ഞായറാഴ്ചയാണ് മോഹൻ കുമാറിന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മോഹൻകുമാറും പിടിയിലായി.

കവർച്ച നടത്തിയ ആഭരണങ്ങളും 5,04,900 രൂപയും ഇവരുടെ കയ്യിൽനിന്ന് പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ള പണവും ആഭരണങ്ങളും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഖൻശ്യാം ബൻസാൽ പറഞ്ഞു.

TAGS :

Next Story