'ഹിന്ദു സ്ത്രീകൾ ബുർഖ ധരിച്ചവരെ സുഹൃത്താക്കരുത്'; വീണ്ടും വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി നേതാവ് രാജാ സിങ്
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തി വിവാദം സൃഷ്ടിച്ച രാജാ സിങ് ഇതിനുശേഷം രാജസ്ഥാനിലും മഹാരാഷ്ട്രയിലും വിദ്വേഷ പ്രസംഗം നടത്തിയിരുന്നു
ഹൈദരാബാദ്: വീണ്ടും വിദ്വേഷപ്രസംഗവുമായി തെലങ്കാനയിലെ സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി എം.എൽ.എ രാജാ സിങ്. നെറ്റിയിൽ പൊട്ട് കുത്തുന്നവരെ മാത്രമേ താൻ സുഹൃത്താക്കൂവെന്ന് രാജാ സിങ് പറഞ്ഞു. ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നും ബി.ജെ.പി നേതാവ് ആഹ്വാനം ചെയ്തു. വിദ്വേഷപ്രസംഗത്തിന് കേസ് നേരിട്ടതിനു പിന്നാലെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷവും വിദ്വഷപ്രസംഗം തുടരുകയാണ് രാജാ സിങ്.
തെലങ്കാനയിലെ ആദിലാബാദിൽ നടന്ന പൊതുപരിപാടിയിലാണ് പുതിയ വിദ്വേഷ പ്രസംഗം. 'നെറ്റിയിൽ പൊട്ടുതൊടുന്നവൻ എന്റെ സഹോദരനാണ്. അവൻ ഹിന്ദുവാണ്. എന്റെ സുഹൃത്തുമാണ്. അവരെ മാത്രമേ ഞാൻ സുഹൃത്താക്കൂ. ബുർഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നാണ് എന്റെ സഹോദരിമാരോട് എനിക്ക് പറയാനുള്ളത്.'-വിവാദ പ്രസംഗത്തിൽ രാജാ സിങ് ആഹ്വാനം ചെയ്തു.
'പണ്ട് ആഫ്താബ് മാത്രമായിരുന്നു നമുക്ക് ഭീഷണി. ഇപ്പോൾ ആയിഷയെയും ഭീഷണിയായി മാറിയിരിക്കുകയാണ്. ആയിഷ ഹിന്ദു പെൺകുട്ടികളെ മുസ്‌ലിം ആൺകുട്ടികൾക്കടുത്തെത്തിക്കും. അതുകൊണ്ട് ജാഗ്രത വേണം'-പ്രസംഗത്തിൽ ഇദ്ദേഹം തുടർന്നു.
ഗോശാമഹൽ എം.എൽ.എയായിരുന്നു രാജാ സിങ്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയത് വലിയ കോളിളക്കം സൃഷ്ടിച്ചതോടെയാണ് കഴിഞ്ഞ ഓഗസ്റ്റിൽ ഇദ്ദേഹത്തെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തത്. നേരത്തെ കരുതൽ തടങ്കലിലാക്കിയിരുന്ന രാജാ സിങ് നിലവിൽ ജാമ്യത്തിൽ പുറത്താണുള്ളത്. ഇതിനുശേഷവും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഇദ്ദേഹം വിദ്വേഷപ്രസംഗം തുടർന്നിരുന്നു.
Summary: 'Don’t befriend a burqa-clad woman'; suspended BJP MLA T Raja Singh stirs controversy again
Adjust Story Font
16