Quantcast

ജഡ്ജിമാരെ ദൈവത്തോട് ഉപമിക്കുന്നത് അപകടകരം: ചീഫ് ജസ്റ്റിസ്

" ഭരണഘടനാ ധാർമികത അതിപ്രധാനമാണ്."

MediaOne Logo

Web Desk

  • Published:

    29 Jun 2024 11:24 AM GMT

dy chandrachud
X

കൊൽക്കത്ത: കോടതിയെ ശ്രീകോവിലിനോടും ജഡ്ജിമാരെ ദൈവത്തോടും ഉപമിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ജഡ്ജിമാർക്ക് ഭരണഘടനാ ധാർമികത അതിപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ നാഷണൽ ജുഡീഷ്യൽ അക്കാദമി സംഘടിപ്പിച്ച റീജ്യണൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഡി.വൈ ചന്ദ്രചൂഢ്.

'പലപ്പോഴും ഞങ്ങൾ ഓണർ, ലോർഡ്ഷിപ്പ് എന്നിങ്ങനെ അഭിസംബോധന ചെയ്യപ്പെടാറുണ്ട്. നീതിയുടെ ശ്രീകോവിലാണ് കോടതി എന്ന് ജനം പറയുന്നിടത്ത് വലിയ അപകടമുണ്ട്. ആ കോവിലിലെ ദേവന്മാരായി ഞങ്ങളെ കാണുന്നതിലും അപകടം പതിയിരിക്കുന്നു.' - അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സേവിക്കുന്നവരാകണം ന്യായാധിപരെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 'ജഡ്ജിമാർ ജനസേവകരാണ്. മറ്റുള്ളവരെ സേവിക്കുന്ന മനുഷ്യർ ആയാലേ അനുകമ്പയും സഹാനുഭൂതിയും ഉണ്ടാകൂ. മറ്റുള്ളവരെ കുറിച്ച് മുൻവിധിയില്ലാതെ വിധി പറയാനാകൂ. ഭരണഘടനാ ധാർമികത എന്ന തത്വം അതിപ്രധാനമാണ്. സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർക്ക് മാത്രമല്ല, ജില്ലാ തലത്തിലുള്ള ജഡ്ജിമാർക്ക് പോലും. കാരണം സാധാരണക്കാരൻ ആദ്യം സമീപിക്കുന്നത് ജില്ലാ കോടതികളെയാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.

നീതിന്യായ സംവിധാനത്തിൽ സാങ്കേതികവിദ്യയുടെ പ്രസക്തി ചീഫ് ജസ്റ്റിസ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു. 'സാങ്കേതികവിദ്യ നമുക്ക് ചില ഉത്തരങ്ങൾ നൽകുന്നുണ്ട്. മിക്ക വിധിന്യായങ്ങളും എഴുതുന്നത് ഇംഗ്ലീഷിലാണ്. സാങ്കേതികവിദ്യ അത് ഭാഷാന്തരം ചെയ്യാൻ സഹായിച്ചിട്ടുണ്ട്. 51000 വിധിന്യായങ്ങളാണ് ഞങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തിൽ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യുന്നത്' - ചീഫ് ജസ്റ്റിസ് പറഞ്ഞു. സാധാരണക്കാർക്ക് കോടതിവിധികൾ മനസ്സിലാക്കാൻ കഴിയാത്തതിലുള്ള ഏറ്റവും വലിയ തടസ്സം ഭാഷയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ശിവഗ്നാനം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിന് കോടതികൾ സംശുദ്ധവും രാഷ്ട്രീയ മുൻവിധികളിൽ നിന്ന് മുക്തവുമാകണമെന്ന് മമത ബാനർജി പറഞ്ഞു.

TAGS :

Next Story