Quantcast

ഹിന്ദി നിർബന്ധമാക്കി മറ്റൊരു ഭാഷാ യുദ്ധത്തിന് വഴിയൊരുക്കരുത്: എം.കെ സ്റ്റാലിൻ

ഭരണഘടനാ വിരുദ്ധമാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും സ്റ്റാലിൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Oct 2022 11:02 AM GMT

ഹിന്ദി നിർബന്ധമാക്കി മറ്റൊരു ഭാഷാ യുദ്ധത്തിന് വഴിയൊരുക്കരുത്: എം.കെ സ്റ്റാലിൻ
X

ചെന്നൈ: ബിജെപി ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്ന നയം നടപ്പാക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇത് ഇന്ത്യയുടെ ഒരുമ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐഐടി, ഐഐഎം, കേന്ദ്ര സർവ്വകലാശാലകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി പഠന മാധ്യമമായി അമിത് ഷാ അധ്യക്ഷനായ പാർലമെന്ററി സമതി ശിപാർശ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. 22 ഔദ്യോഗിക ഭാഷകളിലേക്ക് കൂടുതൽ ഭാഷകൾ ചേർക്കണമെന്ന് ജനങ്ങൾ വാശിപിടിക്കുമ്പോൾ ഇത്തരമൊരു റിപ്പോർട്ടിന്റെ ആവശ്യം എന്താണ്? കേന്ദ്രസർക്കാർ തസ്തികകളിലേക്കുള്ള മത്സര പരീക്ഷകളിൽ നിന്ന് ഇംഗ്ലീഷ് ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തത് എന്തുകൊണ്ടാണെന്നും സ്റ്റാലിൻ ചോദിച്ചു.

ഭരണഘടനാ വിരുദ്ധമാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും സ്റ്റാലിൻ പറഞ്ഞു. സെപ്തംബർ 16ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ദിവസ് ആചരിച്ചു. ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. മാതൃഭാഷയെ പുകഴ്ത്തുന്നവർ ഇത് അംഗീകരിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. പ്രായോഗികമല്ലാത്ത എന്തെങ്കിലും അടിച്ചേൽപ്പിക്കുന്നത് ഹിന്ദി സംസാരിക്കുന്നവരെ ഒന്നാംതരം പൗരന്മാരെന്നും ഹിന്ദി സംസാരിക്കാത്തവരെ രണ്ടാംതരം പൗരന്മാരെന്നും വിളിക്കുന്നതിന് തുല്യമാണ്. നാനാത്വത്തിൽ ഏകത്വം കാണുന്ന ഇന്ത്യയിൽ തമിഴും മറ്റ് ഭാഷകളും തുല്യമായി കാണണമെന്നും സ്റ്റാലിൻ പറഞ്ഞു.

TAGS :

Next Story