അസമില്‍ നല്ല ഹോട്ടലുകളുണ്ട്, ആര്‍ക്കും താമസിക്കാം; മഹാരാഷ്ട്ര എം.എല്‍.എമാര്‍ ഇവിടെയുണ്ടോയെന്ന് തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി
സൂറത്തിലെ ഹോട്ടലില്‍ നിന്നും ബുധനാഴ്ചയാണ് വിമതര്‍ ഗുവാഹത്തിയിലെത്തിയത്.
ഗുവാഹത്തി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നിനിടെ നാല്‍പതോളം വരുന്ന വിമത എം.എല്‍.എമാര്‍ തമ്പടിച്ചിരിക്കുന്നത് അസം ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ്. സൂറത്തിലെ ഹോട്ടലില്‍ നിന്നും ബുധനാഴ്ചയാണ് വിമതര്‍ ഗുവാഹത്തിയിലെത്തിയത്. എന്നാല്‍ മഹാരാഷ്ട്രയിലെ എം.എല്‍.എമാര്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ വ്യക്തമാക്കി.
"അസമിൽ ധാരാളം നല്ല ഹോട്ടലുകളുണ്ട്, ആർക്കും അവിടെ വന്ന് താമസിക്കാം. അതിൽ ഒരു പ്രശ്നവുമില്ല. മഹാരാഷ്ട്ര എം.എൽ.എമാർ അസമിൽ താമസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. മറ്റ് സംസ്ഥാനങ്ങളിലെ എം.എൽ.എമാർക്കും അസമിൽ വന്ന് താമസിക്കാം'' ശർമ്മ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാരിന് ആഘാതമേല്‍പ്പിച്ചുകൊണ്ട് കൂടുതല്‍ എം.എല്‍.എമാര്‍ ഏക്നാഥ് ഷിന്‍ഡേയുടെ ക്യാമ്പിലെത്തിയിട്ടുണ്ട്. സ്വതന്ത്രരുള്‍പ്പെടെ 42 എം.എല്‍.എമാരാണ് ഷിന്‍ഡേക്കൊപ്പമുള്ളത്.
ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് തന്‍റെ പക്ഷത്ത് 42 എം.എൽ.എമാരുണ്ടെന്ന് കാണിക്കുന്ന ദൃശ്യങ്ങൾ ഷിന്‍ഡേയുടെ ക്യാമ്പ് പോസ്‌റ്റ് ചെയ്‌തിരുന്നു. അതേസമയം മഹാരാഷ്ട്ര സഖ്യത്തെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിൽ 17 എം.എൽ.എമാരെ അയോഗ്യരാക്കാൻ ഉദ്ധവ് താക്കറെയുടെ സംഘം തീരുമാനിച്ചു. ഇതിൽ 5 എം.എൽ.എമാരെ ആദ്യം അയോഗ്യരാക്കണമെന്ന് മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറോട് സംഘം അഭ്യര്‍ഥിച്ചു.
നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്ത് നൽകി. ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഷിൻഡേ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇന്ന് സമീപിക്കും. അയോഗ്യതാ നടപടികളിലേക്ക് കടക്കാനാണ് ഉദ്ധവ് പക്ഷത്തിന്‍റെ തീരുമാനം. അതിനിടെ ഗുവാഹത്തിയിൽ വിമതരുമായി സംസാരിക്കാനെത്തിയ ശിവസേന എം.എൽ.എ സഞ്ജയ് ബോഗ്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Adjust Story Font
16