Quantcast

'ദയവു ചെയ്ത് ബന്ദിപ്പൂരും അദാനിക്ക് വിൽക്കരുത്'; മോദിയോട് അഭ്യർഥനയുമായി കോൺഗ്രസ്

50 വർഷം മുമ്പ് ആരംഭിച്ച പ്രൊജക്ട് ടൈഗറിന്റെ മുഴുവൻ ക്രെഡിറ്റും മോദി ഏറ്റെടുത്തെന്ന് ജയറാം രമേശ്‌

MediaOne Logo

Web Desk

  • Updated:

    2023-04-09 11:39:09.0

Published:

9 April 2023 11:27 AM GMT

ദയവു ചെയ്ത് ബന്ദിപ്പൂരും അദാനിക്ക് വിൽക്കരുത്; മോദിയോട് അഭ്യർഥനയുമായി കോൺഗ്രസ്
X

ബംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ജംഗിൾസഫാരി നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കർണാടക കോൺഗ്രസ്. ഞായറാഴ്ചയാണ് നരേന്ദ്രമോദി ബന്ദിപ്പൂർ സന്ദർശനം നടത്തിയത്.

50 വർഷം മുമ്പ് ബന്ദിപ്പൂരിൽ ആരംഭിച്ച പ്രൊജക്ട് ടൈഗറിന്റെ മുഴുവൻ ക്രെഡിറ്റും മോദി ഏറ്റെടുത്തെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു.

ദേശീയ സ്വത്ത് വ്യവസായി അദാനിക്ക് വിൽക്കരുതെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം മോദിയോട് അഭ്യർത്ഥിച്ചു.കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു കോൺഗ്രസിന്റെ പരിഹാസം.

'പ്രിയ നരേന്ദ്ര മോദി, 1973ൽ ബന്ദിപ്പൂർ കടുവ സംരക്ഷണ പദ്ധതി നടപ്പാക്കിയത് കോൺഗ്രസ് സർക്കാരാണ്. അതിന്റെ ഫലമായാണ് ഇന്ന് കടുവകളുടെ എണ്ണം ഗണ്യമായി വർധിച്ചത്.അവിടെയാണ് നിങ്ങൾ ഇന്ന് സഫാരി ആസ്വദിക്കുന്നത് . ഞങ്ങൾക്ക് നിങ്ങളോട് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട്. ദയവായി ബന്ദിപ്പൂർ അദാനിക്ക് വിൽക്കരുത്'. കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു. കടുവക്കുഞ്ഞിനെ പിടിച്ചുനില്‍ക്കുന്ന ഇന്ദിരാഗാന്ധിയുടെ ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്.

ചാമരാജനഗറിൽ പകർച്ചവ്യാധിക്കിടെ മരിച്ച കുടുംബങ്ങളെ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി ഭയപ്പെടുന്നതെന്തിനാണെന്നും കോൺഗ്രസ് ചോദിച്ചു. പ്രധാനമന്ത്രി സന്ദർശിച്ച ടൈഗർ റിസർവ് ഭാഗികമായി ചാമരാജനഗർ ജില്ലയിലെ ഗുണ്ട്ലുപേട്ട് താലൂക്കിലും ഭാഗികമായി മൈസൂർ ജില്ലയിലെ എച്ച്.ഡി.കോട്ട്, നഞ്ചൻഗുഡ് താലൂക്കുകളിലുമാണ് സ്ഥിതി ചെയ്യുന്നത്.

രണ്ട് മണിക്കൂറോളം വന്യജീവി സങ്കേതത്തിൽ ചെലവഴിച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. കാക്കി പാന്റും കറുത്ത തൊപ്പിയും ടീ ഷർട്ടും ജാക്കറ്റും ധരിച്ചാണ് മോദി സഫാരിക്കെത്തിയത്. കടുവ സംരക്ഷണ പരിപാടിയുടെ അമ്പതാം വാർഷികത്തിലായിരുന്നു മോദിയുടെ സന്ദർശനം.



TAGS :

Next Story