എന്നോട് സംസാരിക്കരുത്; ലോക്സഭയില്‍ സ്മൃതി ഇറാനിയോട് കയര്‍ത്ത് സോണിയ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടയ്ക്കു കയറി സംസാരിച്ചത് സോണിയയെ പ്രകോപിപ്പിച്ചു
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമര്‍ശം പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കി. സഭയ്ക്കകത്തും പുറത്തും നാടകീയ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടയ്ക്കു കയറി സംസാരിച്ചത് സോണിയയെ പ്രകോപിപ്പിച്ചു.
സോണിയക്കും അധീർ രഞ്ജൻ ചൗധരിക്കും എതിരെ ബി.ജെ.പി എം.പിമാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ച ഇടവേളയ്ക്കിടെയാണ് വാക്കേറ്റമുണ്ടായത്. മുതിര്‍ന്ന ബി.ജെ.പി എം.പി രമാ ദേവിയോട് സോണിയ സംസാരിക്കുന്നതിനിടെയാണ് സംഭവം. "അധിർ രഞ്ജൻ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിരുന്നു. എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?" എന്നായിരുന്നു സോണിയയുടെ ചോദ്യം. എന്നാല്‍ ഇതിനിടെ സ്മൃതി ഇറാനി ഇടയില്‍ കയറി ''മാഡം ഞാന്‍ നിങ്ങളെ സഹായിക്കട്ടെ'' എന്നു സോണിയയോട് പറഞ്ഞു. എന്നോട് സംസാരിക്കരുതെന്നായിരുന്നു സോണിയയുടെ മറുപടി.
സോണിയോട് സ്മൃതി ഇറാനി മോശമായി പെരുമാറിയതായി കോണ്‍ഗ്രസ് ആരോപിച്ചു.''കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് ലോക്സഭയിൽ അപമര്യാദയായി പെരുമാറി. എന്നാൽ സ്പീക്കർ അതിനെ അപലപിക്കുമോ? നിയമങ്ങൾ പ്രതിപക്ഷത്തിന് മാത്രം'' ജയറാം രമേശ് ട്വീറ്റ് ചെയ്തു. അതേസമയം സോണിയാ ഗാന്ധി തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ബി.ജെ.പി എം.പിമാരെ സോണിയ ഭീഷണിപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു.
രാഷ്ട്രപതി മുര്‍മുവിനെ രാഷ്ട്രപത്നിയെന്ന് വിളിച്ച് കോണ്‍ഗ്രസ് അപമാനിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സോണിയ ഗാന്ധി മാപ്പു പറയണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം സ്ത്രീ വിരുദ്ധവും ലൈംഗികചുവയോടെയുള്ളതുമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാഷ്ട്രപതിയെ അവഹേളിച്ചതില്‍ സോണിയാഗാന്ധി പരസ്യമായി മാപ്പുപറയണമെന്നുമായിരുന്നു സ്മൃതിയുടെ ആവശ്യം.
എന്നാല്‍ തനിക്ക് സംഭവിച്ച നാക്കുപിഴയാണ് ആ പരാമര്‍ശമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. തനിക്ക് ഒരു പിഴവുപറ്റി. പക്ഷെ മാപ്പുപറയേണ്ട കാര്യമില്ല. വിലക്കയറ്റം അടക്കമുള്ള വിഷയത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിന് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നത്. ഇതിന്റെ പേരില്‍ തൂക്കിലേറ്റണമെങ്കില്‍ തൂക്കിലേറ്റാമെന്നും അധീര്‍ രഞ്ജന്‍ ചൗധരി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16