അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം: പിന്നില്‍ മോദിയല്ല, മറ്റു ചിലരെന്ന് മമത ബാനര്‍ജി
പ്രധാനമന്ത്രി മോദിയെ സ്തുതിക്കുന്നതിലൂടെ മമതയ്ക്ക് അനന്തരവനെ രക്ഷിക്കാൻ കഴിയില്ലെന്ന് സുവേന്ദു അധികാരി
അന്വേഷണ ഏജൻസികള്‍ ലക്ഷ്യമിടുന്നതോടെ വ്യവസായികൾ രാജ്യം വിട്ട് ഓടിപ്പോവുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നാല്‍ ഇതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കരുതുന്നില്ലെന്ന് മമത പറഞ്ഞു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ മമത വിമര്‍ശിച്ചു.
"വ്യവസായികൾ രാജ്യം വിട്ട് ഓടുകയാണ്. ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്), സി.ബി.ഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) എന്നിവയെ ഭയന്നാണ് അവർ ഓടിപ്പോകുന്നത്. മോദി ഇത് ചെയ്തിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. സി.ബി.ഐ പ്രധാനമന്ത്രിയുടെ ഓഫീസിലല്ല റിപ്പോർട്ട് ചെയ്യുന്നതെന്ന് നിങ്ങളിൽ പലർക്കും അറിയില്ല. ആഭ്യന്തര മന്ത്രാലയത്തിനാണ് സി.ബി.ഐ റിപ്പോർട്ട് ചെയ്യുന്നത്. ചില ബി.ജെ.പി നേതാക്കൾ ഗൂഢാലോചന നടത്തുകയാണ്"- നിയമസഭയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
പാർട്ടിയെയും സർക്കാരിനെയും കൂട്ടിക്കുഴക്കരുതെന്ന് പ്രധാനമന്ത്രിയെ താന്‍ ഉപദേശിക്കുന്നുവെന്ന് മമത പറഞ്ഞു- "ഞാൻ പ്രധാനമന്ത്രിയെ ബഹുമാനത്തോടെ ഉപദേശിക്കുന്നു. ബംഗാളിനുള്ള ഫണ്ട് നിർത്താൻ ഉപദേശകര്‍ നിങ്ങളെ ഉപദേശിക്കുന്നു. എന്തുകൊണ്ട് അവര്‍ ചീറ്റകളെ വാങ്ങുന്നത് നിർത്താൻ ഉപദേശിക്കുന്നില്ല? ഞാൻ ഇന്നലെ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. പാർട്ടിയെയും സർക്കാരിനെയും കൂട്ടിക്കുഴക്കരുതെന്ന് ഞാൻ അദ്ദേഹത്തെ ഉപദേശിക്കുന്നു. നിങ്ങൾ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ നിയന്ത്രിക്കുന്നു. നിങ്ങൾ ഒരു ദിവസം ബലിയർപ്പിക്കപ്പെടും. എല്ലാവരുടെയും ഫോൺ ട്രാക്ക് ചെയ്യപ്പെടും". കേന്ദ്ര ഏജൻസികള്‍ക്കെതിരായ പ്രമേയം ബംഗാള്‍ നിയമസഭയില്‍ 189 വോട്ടുകൾക്ക് പാസായി. 64 എംഎൽഎമാർ എതിർത്തു വോട്ടുചെയ്തു.
"പ്രധാനമന്ത്രി മോദിയെ സ്തുതിക്കുന്നതിലൂടെ അവർക്ക് തന്റെ അനന്തരവനെ രക്ഷിക്കാൻ കഴിയില്ല"- ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്ന അഭിഷേക് ബാനർജിയെ ചൂണ്ടിക്കാട്ടിയാണ് സുവേന്ദു അധികാരി ഇങ്ങനെ പറഞ്ഞത്.
Summary- Bengal Chief Minister Mamata Banerjee today gave an exoneration of sorts to Prime Minister Narendra Modi on the issue of businessmen under the radar of investigative agencies fleeting the country.
Adjust Story Font
16