‘ഇരട്ടത്താപ്പിന് അതിരുകളില്ല’; ബിജെപിക്കും ആർഎസ്എസിനുമെതിരെ കോൺഗ്രസ്
ഒരുവശത്ത് മുസ്‌ലിം പള്ളികൾക്ക് നേരെ ആരോപണങ്ങളുന്നയിച്ച് വരുന്ന ഹിന്ദുത്വ പ്രവർത്തകരെ വിമർശിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് മൃദു സമീപനം കാണിക്കുകയും മറുവശത്ത് പ്രവർത്തകർ അക്രമം നടത്തുകയുമാണെന്നും വിമർശനം
ന്യൂഡൽഹി: ബിജെപിക്കും ആർഎസ്എസിനും ഇരട്ടത്താപ്പിന് അതിരുകളിലെന്ന് കോൺഗ്രസ് നേതാക്കളായ ജയറാം രമേശും പവൻ ഖേരയും വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഒരുവശത്ത് മുസ്‌ലിം പള്ളികൾക്ക് നേരെ ആരോപണങ്ങളുന്നയിച്ച് വരുന്ന ഹിന്ദുത്വ പ്രവർത്തകരെ വിമർശിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് മൃദു സമീപനം കാണിക്കുകയും മറുവശത്ത് പ്രവർത്തകർ അക്രമം നടത്തുകയുമാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു.
2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ് ആദ്യമായി പാർലമെന്റ് മന്ദിരത്തിൽ പ്രവേശിച്ചപ്പോൾ അതിന് മുന്നിൽ താണുതൊഴുതിരുന്നു. തുടർന്ന് അദേഹം പുതിയ പാർലമെന്റ് മന്ദിരമുണ്ടാക്കി. നവംബറിൽ മോദി ഭരണഘടനയ്ക്ക് മുന്നിൽ തലകുനിച്ച് തൊഴുതു. ഇനി അദേഹം പുതിയ ഭരണഘടന ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പവൻ ഖേര പറഞ്ഞു.
മുമ്പ് മോദി മുതിർന്ന ബിജെപി നേതാവ് എൽ. കെ അദ്വാനിയുടെ മുന്നിൽ താണുതൊഴുതിരുന്നു. എന്നാൽ, നിലവിൽ അദേഹം ആശുപത്രിയിലാണ്. പക്ഷെ എല്ലാവരും അദേഹത്തെ കാണുന്നതിന് പകരം കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റെന്ന് പറയുന്ന പ്രതാപ് സാരംഗിയെ കാണാനാണ് ആശുപത്രിയിൽ പോകുന്നതെന്നും ഖേര കൂട്ടിച്ചേർത്തു.
മോഹൻ ഭഗവത് പറയുന്നതിന് നേരെ തിരിച്ചുള്ള സംഭവങ്ങളാണ് നടക്കുന്നതെന്ന് വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും രംഗത്തുവന്നു. പ്രധാനമന്ത്രി ക്രിസ്തീയ പുരോഹിതൻമാരുടെ സംഘടനയോട് ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടിരുന്നു. ഇതേ വേദിയിൽ ജർമനിയിലെ ക്രിസ്തുമത വിശ്വാസികൾക്ക് നേരെയുള്ള ആക്രമണത്തെയും മോദി അപലപിച്ചു. എന്നാൽ, മണിപ്പൂരിലെ സംഭവങ്ങളിൽ മോദി മിണ്ടുന്നില്ല. കേന്ദ്രസർക്കാർ വിദ്വേഷം പടർത്തുന്നതാണ് നമ്മൾ കാണുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
പാലക്കാട് വിഎച്ച്പി പ്രവർത്തകർ സ്‌കൂളിലെ ക്രിസ്മസ് കരോൾ തടഞ്ഞ സംഭവവത്തെക്കുറിച്ചും വേണുഗോപാൽ സംസാരിച്ചു. ബിജെപിക്കും ആർഎസ്എസിനും എന്നും മുഖംമൂടികൾ ഉണ്ടായിരുന്നു. അദ്വാനി സംഘടനയുടെ മുന്നിലുണ്ടായപ്പോൾ എ.ബി വാജ്‌പേയിയെ മൃദുവാക്കി കാണിച്ചു. ഇപ്പോൾ മോദി മുന്നിലുള്ളപ്പോൾ അദ്വാനിയെ മൃദുവാക്കി കാണിക്കുന്നു. മോദിയും മോഹൻ ഭഗവതും മൃദു മുഖംമൂടി അണിഞ്ഞിരിക്കുകയാണെന്നും യോഗി ആദിത്യനാഥും പ്രതാപ് സാരംഗിയുമായിരിക്കും അടുത്ത ബിജെപിയുടെ മുഖമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Adjust Story Font
16