Quantcast

ആറ് കിലോമീറ്ററിനുള്ളിൽ ആറ് തവണ വാഹന പരിശോധന; വീഡിയോ പുറത്ത് വിട്ട് ഡോ.കഫീൽഖാൻ

വാഹനത്തില്‍ പണമുണ്ടോ എന്ന് ചോദിച്ചായിരുന്നു പരിശോധനയെന്ന് കഫീൽഖാൻ

MediaOne Logo

Web Desk

  • Published:

    9 April 2022 6:37 AM GMT

ആറ് കിലോമീറ്ററിനുള്ളിൽ ആറ് തവണ വാഹന പരിശോധന; വീഡിയോ പുറത്ത് വിട്ട് ഡോ.കഫീൽഖാൻ
X

ഉത്തർപ്രദേശ്: ഡോ.കഫീൽഖാന്റെ വാഹനം ആറുകിലോമീറ്ററിനിടെ ഉത്തർപ്രദേശ് പൊലീസ് പരിശോധിച്ചത് ആറുതവണ. ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ദോറിയ മണ്ഡലത്തിലെ സമാജ് വാദി പാർട്ടി സ്ഥാനാർഥിയാണ് ഡോ.കഫീൽഖാൻ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ വാഹന പരിശോധന നടന്നത്. ബുധനാഴ്ച പാർട്ടിയോഗം കഴിഞ്ഞുവരുമ്പോഴായിരുന്നു കഫീൽഖാന്റെ വാഹനം പൊലീസ് വഴിയിലുടനീളം തടഞ്ഞത്. ഇതിന്റെ വീഡിയോ കഫീൽഖാൻ ഫേസ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അതിൽ വാഹനം പരിശോധിക്കുന്നതും കഫീൽഖാൻ പൊലീസുമായി വാക്കുതർക്കത്തിലേർപ്പെടുന്നതും കാണാം. വാഹനത്തിൽ പണം സൂക്ഷിച്ചിട്ടുണ്ടോ എന്ന് പൊലീസ് ചോദിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ വാഹനത്തിൽ നോമ്പ് തുറക്കാനായി കാരക്കയും നവരാത്രി മധുരപലഹാരങ്ങളും സൂക്ഷിച്ചിരുന്നു. ഓരോ തവണ പരിശോധിച്ചപ്പോഴും അത് മാത്രമാണ് പൊലീസുകാർക്ക് കണ്ടെത്താനായത് എന്നും കഫീൽ ഖാൻ ഫേസ്ബുക്കിൽ കുറിച്ചു.

കാറിൽ ഒന്നും കണ്ടെത്താതായപ്പോൾ, പൊലീസ് സേന ഹോട്ടലിലെത്തിയെന്നും റൂമിലെ കിടക്കകളും അലമാരകളും ബാഗുകളും വലിച്ചുവാരിയിട്ടെന്നും കാണിച്ച് മറ്റൊരു വീഡിയോയും കഫീൽഖാൻ പങ്കുവെച്ചു. ഇതിൽ പൊലീസ് ഉദ്യോഗസ്ഥർ ഹോട്ടൽ മുറിയിലെത്തി പരിശോധിക്കുന്നത് കാണാമായിരുന്നു. അതേ സമയം കഫീൽഖാന്റെ വാഹനം അന്യായമായി തടഞ്ഞതിനെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബിജെപിക്കാരുട വാഹനങ്ങൾ എന്തുകൊണ്ട് പരിശോധിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

ഏപ്രിൽ 12 നാണ് ദോറിയ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി സ്ഥാനാർഥി രത്‌നപാർ സിംങിനെയാണ് ഡോ.കഫീൽഖാൻ നേരിടുന്നത്. 2017 ൽ ഗോരഖ്പൂർ ബി.ആർ.ഡി ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 63 നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ സർക്കാറിനെതിരെ ഡോ.കഫീൽഖാൻ രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരിൽ അതേ ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീൽഖാനെ പൊലീസ് അറസ്റ്റ് ചെയ്ത് മാസങ്ങളോളം ജയിലിലടക്കുകയും ചെയ്തിരുന്നു.


TAGS :

Next Story