ആര്യ പ്രത്യയശാസ്ത്രത്തിനും സനാതനധർമത്തിനും ജാതിവിവേചനത്തിനും അന്ത്യംകുറിച്ചത് 'ദ്രാവിഡ മോഡൽ'-എം.കെ സ്റ്റാലിൻ
'ദ്രാവിഡ പ്രത്യയശാസ്ത്രം ഒരിക്കലും മനുഷ്യരെ വിഭജിക്കില്ല, എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. സംഹാരമല്ല, നിർമാണമാണ് ദ്രാവിഡ മോഡലിന്റെ ലക്ഷ്യം. ആരെയും ഇകഴ്ത്തുകയോ അയിത്തത്തോടെ മാറ്റിനിർത്തുകയോ ചെയ്യില്ല.'
ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ 'ദ്രാവിഡ' പരാമർശത്തിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സനാതനധർമവും ജാതിവിവേചനവുമെല്ലാം അവസാനിപ്പിച്ചത് ദ്രാവിഡ മാതൃകയാണെന്നും അതു കാലഹരണപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്യ പ്രത്യയശാസ്ത്രം ഉൾപ്പെടെയുള്ള വൈദേശിക കടന്നുകയറ്റങ്ങളെ തകർത്തതും ദ്രാവിഡ പ്രത്യയശാസ്ത്രമാണെന്നും സ്റ്റാലിൻ പറഞ്ഞു. ഡി.എം.കെ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പള്ളവാരത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സനാതന ധർമത്തിന്റെയും വർണാശ്രമത്തിന്റെയും മനു നീതിയുടെയുമെല്ലാം അന്ത്യംകുറിച്ചത് ദ്രാവിഡ പ്രത്യയശാസ്ത്രമാണ്. ജാതിയുടെ പേരിലുള്ള അപമാനവും സ്ത്രീകളെ അടിച്ചമർത്തലുമെല്ലാം അവസാനിപ്പിച്ചതും ദ്രാവിഡ പ്രത്യയശാസ്ത്രമാണ്. ദ്രാവിഡ സംസ്‌കാരത്തിനു മാത്രമാണ് ആര്യ പ്രത്യയശാസ്ത്രം ഉൾപ്പെടെയുള്ള വൈദേശിക കടന്നുകയറ്റങ്ങളെ തകർക്കാനുള്ള കരുത്തുണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് ഗവർണർക്ക് അതേച്ചൊല്ലിയുള്ള ഭീതിയും.'-സ്റ്റാലിൻ പറഞ്ഞു.
'എന്നാൽ, ഗവർണർ ഭയപ്പെടേണ്ടതില്ലെന്നാണ് പറയാനുള്ളത്. ദ്രാവിഡ പ്രത്യയശാസ്ത്രം ഒരിക്കലും മനുഷ്യരെ വിഭജിക്കില്ല, പകരം എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. സംഹാരമല്ല, നിർമാണമാണ് ദ്രാവിഡ മാതൃകയുടെ ലക്ഷ്യം. എപ്പോഴും നശിപ്പിക്കുകയല്ല, പരിഷ്‌ക്കരിക്കുകയാണതു ചെയ്യുക. ആരെയും ഇകഴ്ത്തുകയോ അയിത്തത്തോടെ മാറ്റിനിർത്തുകയോ ചെയ്യില്ല. പകരം, എല്ലാവരെയും തുല്യരായി കാണുകയും ഒന്നിച്ചുനിർത്തുകയുമാണ് ദ്രാവിഡ പ്രത്യയശാസ്ത്രം ചെയ്യുന്നതെന്നും.'
ഗവർണർ പ്രതിപക്ഷ നേതാവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും സ്റ്റാലിൻ വിമർശിച്ചു. ഗവർണറെ നിയമിച്ചത് എന്തിനാണ്? സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനം തകർക്കാൻ വന്നതാണോ അദ്ദേഹം? ഗവർണർ തമിഴ്‌നാട്ടിലെ സാമൂഹികരംഗത്ത് അരാജകത്വം സൃഷ്ടിക്കാൻ വന്നതാണോയെന്ന സംശയം ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
തമിഴ്‌നാട്ടിൽ സമാധാനമില്ലെന്ന് ഗവർണർ പറയുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന മണിപ്പൂർ ഇപ്പോൾ കത്തുകയല്ലേ? അത്തരം അക്രമങ്ങൾ തമിഴ്‌നാട്ടിൽ നടക്കുന്നുണ്ടോയെന്നാണ് ഗവർണറോട് ചോദിക്കാനുള്ളത്. ഏതാനും മാസങ്ങൾക്കുമുൻപ് ബി.ജെ.പി ഭരിക്കുന്ന കർണാടകയിലും കലാപങ്ങൾ നടന്നു. തമിഴ്‌നാട്ടിൽ അത്തരം സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ആർ.എൻ രവി ദ്രാവിഡ രാഷ്ട്രീയത്തിനും തമിഴ്‌നാട് സർക്കാരിനുമെതിരെ രൂക്ഷവിമർശനങ്ങൾ നടത്തിയത്. ദ്രാവിഡ മാതൃകാ ഭരണം എന്നൊരു സംഗതിയില്ലെന്നും അതു കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നുമായിരുന്നു പ്രധാന വിമർശനം. ദ്രാവിഡ വികാരത്തെ ഡി.എം.കെ സർക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. തമിഴ്‌നാട്ടിൽ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.
Summary: 'Dravidian ideology caused the extinction of Sanatana Dharma, Varnasrama Dharma, and Manu Needhi. Only Dravidian ideology has the capacity to defeat Aryan ideology.'; Says Tamil Nadu CM MK Stalin
Adjust Story Font
16