Quantcast

ഗുജറാത്തിലും രാജസ്ഥാനിലും 230 കോടിയുടെ മയക്കുമരുന്ന് വേട്ട; 13 പേർ അറസ്റ്റിൽ

22.028 കിലോഗ്രാം മെഫെഡ്രോണും 124 കിലോഗ്രാം ലിക്വിഡ് മെഫെഡ്രോണുമാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    28 April 2024 4:47 AM GMT

230 crore drug bust in Gujarat and Rajasthan
X

അഹമ്മദാബാദ്: ഗുജറാത്തിലും രാജസ്ഥാനിലുമായി 230 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ കൈവശം വെച്ചതിന് 13 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘവും (എ.ടി.എസ്) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. രാജസ്ഥാനിലെ സിരോഹി, ജോധ്പൂർ എന്നിവിടങ്ങളിലെ യൂണിറ്റുകളിലും ഗാന്ധിനഗറിലെ പിപ്ലജ് ഗ്രാമത്തിലും ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഭക്തിനഗർ വ്യവസായ മേഖലയിലുമാണ് റെയ്ഡ് നടത്തിയത്.

അഹമ്മദാബാദ് സ്വദേശിയായ മനോഹർലാൽ എനാനിയും രാജസ്ഥാനിൽ നിന്നുള്ള കുൽദീപ്‌സിങ് രാജ്പുരോഹിതും ചേർന്ന് മെഫെഡ്രോൺ നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചതായി എ.ടി.എസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 230 കോടി രൂപ വിലമതിക്കുന്ന 22.028 കിലോഗ്രാം മെഫെഡ്രോണും 124 കിലോഗ്രാം ലിക്വിഡ് മെഫെഡ്രോണുമാണ് പിടികൂടിയത്. ഗാന്ധിനഗറിലെ റെയ്ഡിനിടെ രാജ്പുരോഹിതിനെയും സിരോഹിയിൽ നിന്ന് എനാനിയെയും പിടികൂടി.

രാജസ്ഥാനിലെ ഒരു വ്യാവസായിക യൂണിറ്റിൽ മെഫെഡ്രോൺ ഉൽപ്പാദനത്തിൽ ഏർപ്പെട്ടതിന് എനാനിയെ ഡി.ആർ.ഐ 2015ൽ പിടികൂടിയിരുന്നു. ഈ കേസിൽ ഏഴു വർഷമായി ജയിലിലായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതികളെല്ലാം പരസ്പരം ബന്ധമുള്ളവരാണ്. വൽസാദ് ജില്ലയിലെ വാപി വ്യാവസായിക മേഖലയിലുള്ള ഒരു കമ്പനിയിൽ നിന്നാണ് ഇവർ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതെന്ന് കണ്ടെത്തി. സംഭവത്തിൽ മറ്റാരെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. തലച്ചോറിനും ശരീരത്തിനുമിടയിൽ സഞ്ചരിക്കുന്ന സന്ദേശങ്ങൾ വേഗത്തിലാക്കുന്ന ഒരു സിന്തറ്റിക് ഉത്തേജക മരുന്നാണ് മെഫെഡ്രോൺ.

TAGS :

Next Story