Quantcast

അടിച്ചു ഫിറ്റായപ്പോള്‍ സ്വന്തം കാര്‍ അജ്ഞാതനെ ഏല്‍പിച്ചു മെട്രോയില്‍ വീട്ടിലേക്ക് പോയി; പിറ്റേന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

ഗ്രേറ്റര്‍ കൈലാഷ് സെക്കന്‍റില്‍ താമസിക്കുന്ന അമിത് പ്രകാശാണ് മദ്യം മൂലം പുലിവാല് പടിച്ചത്

MediaOne Logo

Web Desk

  • Published:

    13 Jun 2023 4:36 AM GMT

car driving
X

പ്രതീകാത്മക ചിത്രം

ഡല്‍ഹി: മദ്യം തലക്ക് പിടിച്ചപ്പോള്‍ സ്വന്തം കാറും ഫോണും ലാപ്ടോപ്പും18,000 രൂപയും അജ്ഞാതനെ ഏല്‍പ്പിച്ച് യുവാവ് മെട്രോ ട്രെയിനില്‍ കയറി വീട്ടിലേക്ക് പോയി. പിറ്റേന്ന് ബോധം വന്നപ്പോള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലും. ഗ്രേറ്റര്‍ കൈലാഷ് സെക്കന്‍റില്‍ താമസിക്കുന്ന അമിത് പ്രകാശാണ് മദ്യം മൂലം പുലിവാല് പടിച്ചത്.

ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് അമിത് പ്രകാശ്(30).മദ്യപിച്ചു ലക്കു കെട്ട അമിത് സ്വന്തം കാറും ഫോണുമെല്ലാം മറ്റൊരാളെ ഏല്‍പ്പിച്ച ശേഷം മെട്രോയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അപരിചിതനോടൊപ്പം അമിത് കാറിനുള്ളിലിരുന്ന് മദ്യപിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൽഹിയിലെ സുഭാഷ് ചൗക്ക് ഏരിയയിൽ വച്ച് അപരിചിതൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ കാറിൽ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് അപരിചിതന്‍ പ്രകാശിനെ വഴിയിലാക്കി തനിച്ച് വണ്ടിയോടിച്ച് പോവുകയായിരുന്നു. ബോധം വന്നപ്പോഴാണ് തന്‍റെ കാറും മറ്റു വസ്തുക്കളും നഷ്ടപ്പെട്ടതായി അമിതിന് മനസിലാകുന്നത്. പിന്നീട് ഹരിയാന നഗരത്തിലെ സെക്ടർ 65 പൊലീസ് സ്റ്റേഷനെ സമീപിച്ചു. പ്രകാശിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതനെതിരെ കേസെടുത്തിട്ടുണ്ട്.

ഓഫീസ് വിട്ടതിന് ശേഷം ഗോൾഫ് കോഴ്‌സ് റോഡിലെ ലേക്‌ഫോറസ്റ്റ് വൈൻ ഷോപ്പിലെ BYOB കിയോസ്‌ക് സന്ദർശിച്ചതായി പരാതിയില്‍ പറയുന്നു. ''അമിതമായി മദ്യപിച്ച ഞാന്‍ ഒരു വൈന്‍ ബോട്ടിലിന് 20,000 രൂപ നല്‍കി. എന്നാല്‍ കടയുടമ 18,000 തിരികെ നല്‍കി'' പ്രകാശിന്‍റെ പരാതി ഇങ്ങനെ. "അതിനുശേഷം, ഞാൻ എന്‍റെ കാറിൽ പോയി വീണ്ടും മദ്യപിക്കാൻ തുടങ്ങി. പെട്ടെന്ന്, ഒരു അപരിചിതൻ വന്ന് എന്നോട് കുറച്ച് ഡ്രിങ്ക്‌സ് തരാമോ എന്ന് എന്നോട് ചോദിച്ചു. ഞാൻ അദ്ദേഹത്തിന് ഡ്രിങ്ക്‌സ് വാഗ്ദാനം ചെയ്തു," പരാതിയിൽ പറയുന്നു.തങ്ങൾ സുഭാഷ് ചൗക്കിലേക്കാണ് പോയതെന്നും സ്വന്തം കാറിലാണെന്ന കാര്യം താന്‍ മറന്നുവെന്നും ഇയാൾ പറഞ്ഞു. അപരിചിതന്‍ നിര്‍ബന്ധിച്ച് കാറില്‍ നിന്നിറക്കി വിടുകയായിരുന്നുവെന്നും ഓട്ടോയില്‍ ഹുദാ സിറ്റി സെന്‍റര്‍ മെട്രോ സ്‌റ്റേഷനിലെത്തി ട്രെയിനിൽ വീട്ടിലേക്ക് പോവുകയായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.

അപരിചിതനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നല്‍കാന്‍ പ്രകാശിന് സാധിച്ചില്ല. പൊലീസ് ഇയാളെ തിരിച്ചറിയാന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. സംഭവത്തെക്കുറിച്ച് ട്വിറ്ററില്‍ രസകരമായ ചര്‍ച്ചകളാണ് നടക്കുന്നത്. 'ഗുഡ്ഗാവില്‍ നിന്ന് തിരികെ പോകാന്‍ ആഗ്രഹിക്കാത്തതിന് നിങ്ങള്‍ക്ക് അവനെ കുറ്റപ്പെടുത്താന്‍ കഴിയില്ല'' എന്നാണ് ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തത്. ഒരു കാദര്‍ ഖാന്‍/ഗോവിന്ദ സിനിമയിലെ സാധാരണ കോമഡി രംഗം എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.

TAGS :

Next Story