Quantcast

പാചകം ചെയ്യാന്‍ വച്ച 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയെന്ന് പൊലീസിന് മദ്യപന്‍റെ ഫോണ്‍കോള്‍; അന്വേഷിച്ചു കണ്ടുപിടിച്ചുതരണമെന്ന് ആവശ്യം, വീഡിയോ

സംഭവത്തെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    2 Nov 2024 2:47 AM GMT

Drunk Man Calls Police Over 250 Grams Potato Theft
X

ഹർദോയ്: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പൊലീസിനെ തേടി വ്യത്യസ്തമായൊരു ഫോണ്‍ കോളെത്തി. മോഷണവുമായി ബന്ധപ്പെട്ട പരാതിയായിരുന്നു അത്. എന്നാല്‍ മോഷണം പോയ വസ്തുവിനെക്കുറിച്ച് കേട്ടപ്പോഴാണ് പൊലീസ് അന്തംവിട്ടത്. പാചകം ചെയ്യാന്‍ വച്ച 250 ഗ്രാം ഉരുളക്കിഴങ്ങ് ആരോ മോഷ്ടിച്ചുകൊണ്ടുപോയെന്നായിരുന്നു പരാതി. മദ്യപിച്ചു പൂസായ ഒരു യുവാവായിരുന്നു പരാതിക്കാരന്‍. സംഭവത്തെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

പരാതി കേട്ട പൊലീസ് സ്ഥലത്തെത്തി പരാതിക്കാരന്‍റെ ആവലാതികള്‍ കേള്‍ക്കുകയും വീഡിയോ സോഷ്യല്‍മീഡിയയില്‍ അപ്‍ലോഡ് ചെയ്യുകയുമായിരുന്നു. ഉരുളക്കിഴങ്ങിന്‍റെ തൊലി കളഞ്ഞ ശേഷം പാചകം ചെയ്യാനായി വച്ച ശേഷം ഇയാള്‍ മദ്യപിക്കാനായി പുറത്തേക്ക് പോയി. എന്നാല്‍ തിരികെ വന്നപ്പോള്‍ ഉരുളക്കിഴങ്ങ് കാണാതായെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. ഹർദോയിയിലെ മന്ന പൂർവയിലാണ് സംഭവം. താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഇയാള്‍ ക്യാമറക്ക് മുന്നില്‍ സമ്മതിക്കുന്നുണ്ട്. വിജയ് വര്‍മ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ മോഷണം പോയ ഉരുളക്കിഴങ്ങ് പൊലീസ് കണ്ടുപിടിച്ച് തരണമെന്നും ആവശ്യപ്പെടുന്നു. സംഭവത്തെക്കുറിച്ച് വിവരിച്ച യുവാവ് കേസെടുക്കണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്. ഉരുളക്കിഴങ്ങ് അപ്രത്യക്ഷമായതിനു പിന്നിലെ ദുരൂഹത അവസാനിപ്പിക്കണമെന്നും ഇയാള്‍ പറയുന്നു.

സ്വന്തം പണം കൊണ്ടാണ് മദ്യപിക്കുന്നതെന്നും അതിന് ആരോട് കാശ് ചോദിക്കാറില്ലെന്നും യുവാവ് പൊലീസിനോട് പറയുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷമയോടെ യുവാവിന്‍റെ പരാതി കേട്ടെങ്കിലും ചിരിയടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് സത്യമാണെന്നും സ്വയം അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും മോഷണം പോയ ഉരുളക്കിഴങ്ങ് കണ്ടുപിടിച്ച് കൊടുക്കണമെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. സിഐഡി,സിബിഐ അന്വേഷണ വേണമെന്നായിരുന്നു മറ്റു ചിലരുടെ ആവശ്യം.

TAGS :

Next Story