വിമാനയാത്രക്കാരൻ യുവതിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചു; എയർ ഇന്ത്യക്കെതിരെ പരാതി
അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചതായി പരാതി. നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. ഉച്ചയ്ക്ക് ആഹാരം നൽകിയ ശേഷം മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ സീറ്റിനടത്തേക്ക് വന്നശേഷം ദേഹത്തേക്ക് മൂത്രം ഒഴിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.
മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നിൽക്കുകയായിരുന്നു. എന്നാൽ പരാതി നൽകിയിട്ടും യാത്രക്കാരനെതിരെ നടപടിയെടുക്കാൻ വിമാനജീവനക്കാർ തയ്യാറായില്ലെന്നും യുവതി പറയുന്നു. വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോഴും ഒരു നടപടിയും ഇയാൾക്കെതിരെ എടുത്തില്ലെന്നും പരാതി കാബിൻ ക്രൂ നിരസിച്ചതായും യുവതി ആരോപിക്കുന്നു. തുടർന്നാണ് യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. സംഭവം പുറത്തായതോടെ എയർ ഇന്ത്യയോട് ഡി.ജി.സി.എ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, ഇയാൾ മൂത്രമൊഴിച്ച് തന്റെ വസ്ത്രമെല്ലാം നനഞ്ഞെന്നും വിമാനത്തിന്റെ ഫസ്റ്റ് ക്ലാസിൽ സീറ്റുകൾ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റിൽ ഇരിക്കാൻ ജീവനക്കാർ നിർബന്ധിച്ചുവെന്നും യുവതി പരാതിപ്പെടുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നൽകിയതെന്നും ആരോപണമുണ്ട്.
Adjust Story Font
16