Quantcast

ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് അഭ്യർഥിച്ച് ഗവർണർക്ക് ജെ.ജെ.പിയുടെ കത്ത്

മൂന്നു സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെ പ്രതിസന്ധിയിലായ ബി.ജെ.പി സർക്കാരിനെ വെട്ടിലാക്കുന്നതാണ് ജെ.ജെ.പിയുടെ പുതിയ നീക്കം.

MediaOne Logo

Web Desk

  • Published:

    9 May 2024 9:20 AM GMT

Dushyant Chautala writes to Haryana governor, seeks floor test
X

ചണ്ഡീഗഢ്: ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ബന്ദാരു ദത്താത്രേയക്ക് ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗത്താലയുടെ കത്ത്. മൂന്നു സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെ പ്രതിസന്ധിയിലായ ബി.ജെ.പി സർക്കാരിനെ വെട്ടിലാക്കുന്നതാണ് ജെ.ജെ.പിയുടെ പുതിയ നീക്കം.

ഏഴ് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് നയാബ് സിങ് സൈനി സർക്കാർ ഭരണം നടത്തിയിരുന്നത്. ഇതിൽ സോംബീർ സാങ്‌വാൻ, രൺധീർ സിങ് ഗൊല്ലെൻ, ധരംപാൽ ഗോണ്ടർ എന്നിവരാണ് ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് പാളയത്തിലെത്തിയത്.

അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്താനും ഭൂരിപക്ഷം തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നപക്ഷം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നുമാണ് ദുഷ്യന്ത് ചൗത്താലയുടെ ആവശ്യം. 2019ൽ ജെ.ജെ.പിയുമായി ചേർന്നാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. അന്നത്തെ മനോഹർ ലാൽ ഘട്ടർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത് ചൗത്താല.

2024 മാർച്ചിൽ ബി.ജെ.പി-ജെ.ജെ.പി സഖ്യം പിരിഞ്ഞതോടെ ഘട്ടർ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയും നയാബ് സിങ് സൈനി മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയുമായിരുന്നു. 90 അംഗ ഹരിയാന നിയമസഭയിൽ 10 അംഗങ്ങളാണ് ജെ.ജെ.പിക്കുള്ളത്.

TAGS :

Next Story