Quantcast

''വിദ്വേഷത്തിന്‍റെ ബുൾഡോസറാണത്, ന്യൂനപക്ഷങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ് ബി.ജെ.പി''- ഇ. ടി. മുഹമ്മദ്‌ ബഷീർ

ഡൽഹി കോർപറേഷൻ ഭരണകൂടത്തിന് കോടതിയും നീതിന്യായ വ്യവസ്ഥയും വിലയില്ലെന്ന ഭാവമാണവർ കാണിക്കുന്നതെന്നും ഇ. ടി

MediaOne Logo

Web Desk

  • Published:

    20 April 2022 12:40 PM GMT

വിദ്വേഷത്തിന്‍റെ ബുൾഡോസറാണത്, ന്യൂനപക്ഷങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ് ബി.ജെ.പി- ഇ. ടി. മുഹമ്മദ്‌ ബഷീർ
X

രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളെ ഒരു തരത്തിലും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ് ബി.ജെ.പി സർക്കാരെന്ന് ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. ജഹാംഗീർപുരിയിൽ ഇന്ന് വിദ്വേഷത്തിന്‍റെ ബുൾഡോസറുമായി ഇറങ്ങിയിരിക്കുകയാണ് അവര്‍. പൊളിക്കൽ നടപടി സുപ്രീം കോടതി തടഞ്ഞിട്ടും ഒരു കൂസലുമില്ലാതെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അത് തുടരുകയാണ് ചെയ്‌തത്‌. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ സുപ്രീം കോടതിയെ സമീപിച്ചാണ് പൊളിക്കൽ തുടങ്ങിയ ഉടനെ സ്റ്റേ വാങ്ങിയെടുത്തത് .

ജഹാംഗീർപുരിയിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളിലും ഏകപക്ഷീയമായാണ് ഡൽഹി പൊലീസ് നടപടികൾ സ്വീകരിക്കുന്നത്. രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ ഫാസിസത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണം. ഡൽഹി കോർപറേഷൻ ഭരണകൂടത്തിന് കോടതിയും നീതിന്യായ വ്യവസ്ഥയും വിലയില്ലെന്ന ഭാവമാണവർ കാണിക്കുന്നതെന്നും ഇ. ടി പറഞ്ഞു.

ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ മാനിക്കാതെയാണ് മുനിസിപ്പൽ കോർപറേഷൻ അധികൃതര്‍ പൊളിക്കല്‍ നടപടി തുടര്‍ന്നത്. ഒടുവില്‍ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നേരിട്ടിറങ്ങി തടഞ്ഞ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്തെത്തിയതോടെയാണ് കളം മാറിയത്. ജഹാംഹീർപുരിയിലെ പള്ളിയടങ്ങുന്ന കെട്ടിടങ്ങളാണ് കോടതി വിധിക്കു പിന്നാലെയും ബി.ജെ.പി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതര്‍ പൊളിക്കല്‍ തുടര്‍ന്നത്. പിന്നാലെ, ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ സി.പി.എം നേതാക്കളും സാമൂഹിക പ്രവര്‍ത്തകരുമെത്തി നടപടി തടയുകയായിരുന്നു. അതിനിടെ, കോടതി ഉത്തരവ് ലംഘിച്ചതിനെതിരെ അഭിഭാഷകർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ഉത്തരവ് ബന്ധപ്പെട്ടവരെ അറിയിക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകുകയായിരുന്നു

TAGS :

Next Story