Quantcast

'ആൾക്കൂട്ട കൊലപാതക സാധ്യതയിൽ ഇന്ത്യ എട്ടാമത്'; റിപ്പോർട്ടുമായി യു.എസ് ഗവേഷക സംഘടന

ഇന്ത്യക്ക് ശേഷമുള്ളത് സുഡാൻ, സോമാലിയ സിറിയ, ഇറാഖ്, ഗ്വിയന തുടങ്ങിയ രാജ്യങ്ങളാണ്

MediaOne Logo

Web Desk

  • Updated:

    2022-12-04 07:12:17.0

Published:

4 Dec 2022 5:46 AM GMT

ആൾക്കൂട്ട കൊലപാതക സാധ്യതയിൽ ഇന്ത്യ എട്ടാമത്; റിപ്പോർട്ടുമായി യു.എസ് ഗവേഷക സംഘടന
X

ന്യൂഡൽഹി: :ആൾക്കൂട്ട കൊലപാതക സാധ്യതയിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ എട്ടാമതുണ്ടെന്ന് യു.എസ് ഗവേഷക സംഘടനാ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇക്കാര്യത്തിൽ രണ്ടാമതായിരുന്ന രാജ്യത്തിന് മാറ്റമുണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2022-23 കാലയളവിലെ കണക്ക് ഏർളി വാണിംഗ് പ്രൊജക്ടാണ് പുറത്തുവിട്ടത്. ദി വയർ പഠനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

'ഇന്ത്യയിൽ 7.4 ശതമാനം ഏകദേശം 14 പേരിൽ ഒരാൾ ആൾക്കൂട്ടത്താൽ കൊല്ലപ്പെടാൻ 2022-23 കാലയളവിൽ സാധ്യതയുണ്ട്' ഏർളി വാണിംഗ് പ്രൊജകട്.യു.എസ്എച്ച്എംഎം.ഓർഗിൽ നവംബറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കി. പാകിസ്താനാണ് പട്ടികയിൽ ഒന്നാമതുള്ളത്. യെമൻ രണ്ടാമതും മ്യാൻമർ മൂന്നാമതുമാണ്. ചാഡാണ് നാലാമത്. എത്യോപ്യ അഞ്ചും നൈജീരിയ ആറുമാണ്. ഇന്ത്യക്ക് തൊട്ടുമുമ്പിൽ ഏഴാമതുള്ളത് അഫ്ഗാനാണ്. ശേഷമുള്ളത് സുഡാൻ, സോമാലിയ സിറിയ, ഇറാഖ്, ഗ്വിയന തുടങ്ങിയ രാജ്യങ്ങളാണ്.

2021-2022 റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള 15 രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഈ ഘട്ടത്തിൽ നിന്ന് രാജ്യം മാറിയത് നേട്ടമാണ്. എങ്കിലും രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തോട് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര -സംസ്ഥാന സർക്കാറുകൾ വിവേചനം കാണിച്ചതിന്റെ ഉദാഹരണങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മതനേതക്കളടക്കം ഹിന്ദു ദേശീയവാദികൾ വിദ്വേഷ പ്രസംഗം നടത്തിയതായും പറഞ്ഞു. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഘോഷയാത്രകൾ നടത്തുന്നതും പള്ളികളെ അവഹേളിക്കുന്നതും ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിൽ മുസ്‌ലിംകളുടെ വസ്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുന്നതും റിപ്പോർട്ടിൽ പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബിജെപിയോട് സഹകരിക്കുന്നവരും അവരെ പിന്തുണക്കുന്നവരുമായ ഹിന്ദുത്വ നേതാക്കൾ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നതും റിപ്പോർട്ടിൽ ഉയർത്തിക്കാട്ടി. ഭരണപക്ഷത്തുള്ള നേതാക്കളടക്കം വിദ്വേഷ പ്രസംഗം നടത്തിയിട്ടും നിയമനടപടി സ്വീകരിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

യു.എസ്സിലെ ഹോളോകാസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിലെ സൈമൺ സ്‌ജോഡറ്റ് സെൻറർ ഫോർ ദി പ്രിവൻഷൻ ഓഫ് ജെനോസൈഡിന്റെയും ദാർമൗത്ത് കോളേജിലെ ഡിക്കി സെൻറർ ഫോർ ഇൻറർനാഷണലിന്റെയും സംയുക്ത സംരഭമാണ് പഠനം നടത്തിയ ഏർളി വാണിംഗ് പ്രൊജക്ട്.

വിദ്വേഷ പ്രസംഗങ്ങളും തുടർന്നുണ്ടായ കൂട്ടക്കൊലയും

ഔദ്യോഗിക രേഖകൾ പ്രകാരം 53 പേർ കൊല്ലപ്പെട്ട 2020ലെ ഡൽഹി കലാപത്തിന് രണ്ടു മാസം മുമ്പ് ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദ വിദ്വേഷ പ്രസംഗം നടത്തി. മുസ്‌ലിംകൾ രാക്ഷസന്മാരാണെന്നായിരുന്നു യതിയുടെ വിവാദ പരാമർശം. എന്നാൽ ഈ ഹിന്ദുത്വ നേതാവിനെതിരെ നടപടി സ്വീകരിക്കപ്പെട്ടില്ല.

കലാപം പൊട്ടിപ്പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പാണ് ബിജെപി നേതാവ് കപിൽ മിശ്ര ന്യൂഡൽഹി ജാഫറാബാദിലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് നീക്കാൻ ആവശ്യപ്പെട്ടു. മിശ്രയുടെ പ്രസംഗത്തോടെയാണ് കലാപം തുടങ്ങിയതെന്ന് ഒരു ഫാക്ട് ഫൈൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ കലാപത്തിൽ കപിൽ മിശ്ര ഖേദം പ്രകടിപ്പിക്കുകയോ അയാൾക്കെതിരെ നടപടി സ്വീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല.

ഡൽഹി കലാപവേളയിൽ 'ദേശ് കെ ഗദ്ദാറോൻ കോ ഗോലി മാറോ'- ദേശദ്രോഹികളെ വെടിവെക്കാൻ ആവശ്യപ്പെട്ട ബിജെപി നേതാവ് അനുരാഗ് താക്കൂർ ഇപ്പോൾ ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്ററാണെന്ന് ദി വയർ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഈ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നതും പറഞ്ഞു. 'ഗോലി മാറോ സാലോൻകോ' - വെടിവെക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യം സി.എ.എ അനുകൂല റാലികളിൽ സാർവത്രികമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ഒക്‌ടോബറിൽ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സുപ്രിംകോടതി രംഗത്ത് വന്നിരുന്നു. ഇത് 21-ാം നൂറ്റാണ്ടാണ്. മതത്തിന്റെ പേരിൽ നമ്മൾ എവിടെയെത്തിയെന്ന് കോടതി ചോദിച്ചു. വിദ്വേഷ പ്രസംഗത്തിൽ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ അധികൃതർ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.മുസ്ലിംകൾ നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന ബി.ജെ.പി എം.പി പർവേഷ് വർമയുടെ പ്രസംഗത്തിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ കടുത്ത നിരീക്ഷണങ്ങൾ. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഹൃതികേഷ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജിയിൽ വാദംകേട്ടത്. ജനാധിപത്യവും മതനിരപേക്ഷവുമാണെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് സുപ്രിംകോടതി പറഞ്ഞു.

ഇത് 21-ാം നൂറ്റാണ്ടാണ്. ദൈവത്തെ എന്തിലേക്കാണ് നമ്മൾ ചുരുട്ടിക്കെട്ടിയത്? ശാസ്ത്രബോധമുണ്ടാകണമെന്നാണ് ആർട്ടിക്കിൾ 51 പറയുന്നത്. എന്നാൽ, മതത്തിന്റെ പേരിൽ ഈ നടക്കുന്നതെല്ലാം ദുരന്തമാണെണ്. ഇവിടെ ഉയർന്നിരിക്കുന്ന പരാതികൾ അതിഗുരുതരമാണ്. വിദ്വേഷ പ്രസംഗങ്ങളിലേക്ക് നയിച്ച, വിദ്വേഷത്തിന്റെ അന്തരീക്ഷം രാജ്യത്ത് പിടിമുറുക്കുകയാണ്. ഐക്യവും അഖണ്ഡതയും വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യവുമെല്ലാം ഭരണഘടനാ ആമുഖത്തിൽ പറയുന്ന മാർഗനിർദേശക തത്വങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി.വിദ്വേഷ പ്രസംഗ കേസുകളിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഭരണകൂടങ്ങളോട് സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. പരാതി ലഭിക്കാൻ കാത്തിരിക്കരുത്. ഇക്കാര്യത്തിൽ നടപടി വൈകിയാൽ കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

According to the US research institute Early Warning Project report, India ranks eighth among the world's most prone to lynching.

TAGS :

Next Story