ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹിയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം

ഡൽഹി: വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കൂടിയാലോചനകൾ ഉടൻ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. യുഐഡിഎഐയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിദഗ്ധരും തമ്മിൽ സാങ്കേതിക കൂടിയാലോചനകൾ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, എംഇഐടിവൈ സെക്രട്ടറി, യുഐഡിഎഐ സിഇഒ എന്നിവരുമായി ന്യൂഡൽഹിയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.
ഭരണഘടനയുടെ ആർട്ടിക്കിൾ 326, 1950ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 23(4), 23(5), 23(6) എന്നിവയിലെ വ്യവസ്ഥകൾ അനുസരിച്ചും (2023) സുപ്രിം കോടതി വിധിന്യായം അനുസരിച്ചും മാത്രം വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് തീരുമാനിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ പൗരന് മാത്രമേ വോട്ടവകാശം നൽകാൻ പാടുള്ളൂവെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 326 പ്രകാരം ആധാർ ഒരു വ്യക്തിയുടെ ഐഡൻ്റിറ്റി സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി പ്രശ്നങ്ങൾ പരിഹരിക്കുക, ബൂത്ത് ലെവൽ, പോളിങ്, കൗണ്ടിംഗ്, തെരഞ്ഞെടുപ്പ് ഏജന്‍റുമാർ തുടങ്ങിയ ഫീൽഡ് ലെവൽ രാഷ്ട്രീയ ഏജന്‍റുമാർക്ക് അവരുടെ നിർണായക പങ്കിനെക്കുറിച്ച് പരിശീലനം നൽകുക തുടങ്ങിയ കാര്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യം വയ്ക്കുന്നുണ്ട്. കൂടാതെ, പോളിങ് ബൂത്തുകളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ, ഭാവിയിൽ ഒരു പോളിങ് ബൂത്തിലും 1,200 ൽ കൂടുതൽ വോട്ടർമാർ ഉണ്ടാകാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
അടുത്തിടെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികൾ വ്യാജ വോട്ടര്‍ ഐഡി കാര്‍ഡിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന്, തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി മുതിർന്ന രാഷ്ട്രീയക്കാരുമായി കൂടിക്കാഴ്ചകൾ നടത്തുമെന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കുമെന്നും ഇസിഐ പ്രഖ്യാപിച്ചിരുന്നു. അതേസമയം വോട്ടര്‍ ഐഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉന്നയിച്ച ആരോപണത്തിന് മേലുള്ള വ്യക്തമായ അംഗീകാരമാണ് ഈ നീക്കമെന്ന് ഇസിഐയും തെരഞ്ഞെടുപ്പുകളും നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച പാർട്ടിയുടെ എംപവേർഡ് ആക്ഷൻ ഗ്രൂപ്പ് ഓഫ് ലീഡേഴ്‌സ് ആൻഡ് എക്‌സ്‌പെർട്ട്‌സ് (EAGLE) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്.''സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് മഹാരാഷ്ട്രയില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 9.54 കോടിയാണ്. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ 9.7 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി. ഇത് എങ്ങനെ സാധ്യമാകും'' എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്.
Adjust Story Font
16