Quantcast

കളളപ്പണം വെളുപ്പിക്കല്‍; തമിഴ്നാട് മന്ത്രി കെ.പൊന്‍മുടിയുടെ 14.21 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

ഖനന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇ.ഡി.യുടെ നടപടി

MediaOne Logo

Web Desk

  • Published:

    27 July 2024 2:25 AM GMT

K Ponmudy
X

ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടിക്ക് മേല്‍ കുരുക്കു മുറുക്കി ഇ.ഡി. കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ പൊന്‍മുടിയുടെയും മകനും മുന്‍ എം.പിയുമായ പി.ഗൗതം ശിഖാമണിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള 14.21 കോടി രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ചെന്നൈ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. ഖനന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇ.ഡി.യുടെ നടപടി.

കരുണാനിധി സർക്കാരിൽ 2007 മുതൽ 2011 വരെ പൊൻമുടി ധാതു വിഭവ, ഖനന വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് കേസിനാസ്പദമായ പരാതി ഉയർന്നത്. മന്ത്രിയെന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് മകനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഖനന ലൈസൻസ് നേടിക്കൊടുത്തെന്നും ചട്ടങ്ങൾ ലംഘിച്ച് 2,64,644 ലോറി മണൽ അധികമായി കടത്തിയെന്നും ഇതുകാരണം പൊതുഖജനാവിന് 28 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്. എ.ഐ.എ.ഡി.എം.കെ. ഭരണകാലത്താണ് കേസെടുത്തത്. 2012 ഒക്ടോബറിൽ പൊൻമുടിയെ ഈ കേസിൽ അറസ്റ്റുചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈയിൽ പൊൻമുടിയെയും ശിഖമണിയെയും ചോദ്യം ചെയ്യുകയും ഇവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

പരിശോധനയില്‍ പൊന്‍മുടിയുടെ വീട്ടില്‍ നിന്ന് 81.7 ലക്ഷം രൂപ ഇ.ഡി പിടിച്ചെടുത്തിരുന്നു. ശിഖമണിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 13 ലക്ഷം രൂപയുടെ ബ്രിട്ടിഷ് പൗണ്ടും നിരവധി രേഖകളും പിടിച്ചെടുത്തു. 41.9 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചിരുന്നു.

TAGS :

Next Story