Quantcast

'ഭയമില്ല'; ഇ.ഡി ചോദ്യം ചെയ്യലിൽ രാഹുൽ ഗാന്ധി

"ഇ.ഡി മുറിയിൽ രാഹുല്‍ ഒറ്റയ്ക്കായിരുന്നില്ല. ഓരോ കോൺഗ്രസ് പ്രവർത്തകനും, ഓരോ നേതാവുമുണ്ടായിരുന്നു"

MediaOne Logo

Web Desk

  • Updated:

    2022-06-22 08:45:18.0

Published:

22 Jun 2022 8:35 AM GMT

ഭയമില്ല; ഇ.ഡി ചോദ്യം ചെയ്യലിൽ രാഹുൽ ഗാന്ധി
X

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) മോദി സർക്കാറിനും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ഭയക്കുന്നില്ലെന്നും അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ രാഹുൽ പറഞ്ഞു.

'ഇ.ഡി മുറിയിൽ രാഹുല്‍ ഒറ്റയ്ക്കായിരുന്നില്ല. ഓരോ കോൺഗ്രസ് പ്രവർത്തകനും, ഓരോ നേതാവുമുണ്ടായിരുന്നു. ഈ സർക്കാറിനെതിരെ നിൽക്കുന്ന ഓരോ ഇന്ത്യക്കാരനും എന്റെ പിറകിലുണ്ടായിരുന്നു. പിന്നെ ഞാൻ എങ്ങനെ ക്ഷീണിതനാകും. ഇ.ഡിയും ഇത്തരത്തിലുള്ള ഏജന്‍സികളും എന്നെ ബാധിക്കില്ല ' - അദ്ദേഹം പറഞ്ഞു. ഇത്രമാത്രം ക്ഷമ എവിടുന്നു കിട്ടി എന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ തന്നോട് ചോദിച്ചത്. 2004 മുതൽ ഞാൻ കോൺഗ്രസിൽ പ്രവർത്തിക്കുന്നു, അവിടെ നിന്നാണ് ക്ഷമ കൈവന്നത് എന്നാണ് താൻ ഉത്തരം നൽകിയത്- അദ്ദേഹം കൂട്ടിച്ചേർത്തു.

അഗ്നിപഥ് പിൻവലിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. 'കർഷക സമരം പിൻവലിക്കേണ്ടി വരുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടി വരുമെന്ന് കോൺഗ്രസ് പറയുകയാണിപ്പോൾ. അവർ രാജ്യത്തിന്റെ സൈന്യത്തെ ദുർബലപ്പെടുത്തുകയാണ്. എന്നിട്ട് ദേശസ്‌നേഹികളാണ് എന്നു പറയുന്നു. യഥാർത്ഥ ദേശസ്‌നേഹം എന്താണ് എന്ന് രാജ്യത്തെ ജനങ്ങൾക്കറിയാം. ഈ പദ്ധതി പിൻവലിക്കുമെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസത്തിനിടെ അമ്പത് മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. അഞ്ചാം ദിവസം 12 മണിക്കൂറായിരുന്നു ചോദ്യം ചെയ്യൽ.

TAGS :

Next Story