Quantcast

യുപിയിൽ ഇഡി ജോയിന്റ് ഡയറക്ടർ ജോലി രാജിവെച്ച് ബിജെപി സ്ഥാനാർഥിയാകുന്നു

എയർസെൽ-മാക്‌സിസ് കേസ്, 2ജി സ്‌പെക്ട്രം കേസ്, കൽക്കരി അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ്, അഗസ്ത വെസ്റ്റാലാൻഡ് അഴിമതി കേസ്- എന്നീ പ്രമാദമായ കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്നു രാജേശ്വർ സിങ്.

MediaOne Logo

Web Desk

  • Published:

    8 Jan 2022 4:06 PM GMT

യുപിയിൽ ഇഡി ജോയിന്റ് ഡയറക്ടർ ജോലി രാജിവെച്ച് ബിജെപി സ്ഥാനാർഥിയാകുന്നു
X

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് (ഇഡി) ജോയിന്റ് ഡയറക്ടർ രാജേശ്വർ സിങ് ജോലി രാജിവച്ചു. ഇദ്ദേഹം ബിജെപിക്ക് വേണ്ടി സാഹിയാബാദ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നാണ് കരുതുന്നത്. നേരത്തെ തന്നെ ഇദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് സംഭവത്തിൽ ഒരു സ്ഥിരീകരണം വന്നിരിക്കുന്നത്.

മികച്ച കുറ്റാന്വേഷകനായി പേരുകേട്ട രാജേശ്വർ സിങ് രാജ്യത്തെ പ്രശസ്തമായ നിരവധി അഴിമതി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. എയർസെൽ-മാക്‌സിസ് കേസ്, 2ജി സ്‌പെക്ട്രം കേസ്, കൽക്കരി അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ്, അഗസ്ത വെസ്റ്റാലാൻഡ് അഴിമതി കേസ്- എന്നീ പ്രമാദമായ കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്നു രാജേശ്വർ സിങ്.

ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളടക്കം അഞ്ചു സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അവ സംബന്ധിച്ച് അറിയേണ്ട പത്തു കാര്യങ്ങൾ വായിക്കാം.

1. വോട്ടെടുപ്പ് എവിടെയൊക്കെ?

യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

2. എന്നാണ് തെരഞ്ഞെടുപ്പ്?

ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് മൂന്ന്, ഏഴാം ഘട്ടം മാർച്ച് ഏഴ് എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മാർച്ച് 10 നടക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി 14നും മണിപ്പൂരിൽ ഫെബ്രുവരി 27, മാർച്ച് മൂന്ന് എന്നീ തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന്, ഏഴ് എന്നീ ഏഴു ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് അരങ്ങേറുക.

3. ആകെ വോട്ടർമാർ?

അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെ 18.34 കോടി വോട്ടർമാർ. ഇവർക്കായി 2,15,368 പോളിങ് സ്റ്റേഷനുകൾ. 24.5 ലക്ഷം പുതിയ വോട്ടർമാർ.

4. എത്ര മണ്ഡലങ്ങൾ? പോളിങ് സൗകര്യം?

600 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. എല്ലാ നിയമസഭാമണ്ഡലങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക പോളിങ് സ്റ്റേഷനുണ്ടാകും. പോളിംഗ് സ്റ്റേഷനുകൾ 16 ശതമാനം വർധിപ്പിച്ചു. പ്രശ്നസാധ്യത ഉള്ള ബൂത്തുകളിൽ വെബ് കാസ്റ്റിങ്. പോളിങ് സമയം ഒരു മണിക്കൂർ നീട്ടി. പോളിങ് ബൂത്തുകൾ സാനിറ്റൈസ് ചെയ്യും. പോളിങ് ബൂത്തിലെ സൗകര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ പ്രത്യേക പരിപാടികൾ നടത്തും. ഭിന്നശേഷിക്കാർക്കും എല്ലാ സൗകര്യങ്ങളും ഒരുക്കും.

5. കോവിഡ് രോഗികൾ എങ്ങനെ വോട്ട് ചെയ്യും?

കോവിഡ് രോഗികൾക്കും 80 കഴിഞ്ഞവർക്കും പോസ്റ്റൽ വോട്ട് അനുവദിക്കും.

6. പ്രചാരണം എങ്ങനെ?

പ്രചാരണം വെർച്വലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം. ഡിജിറ്റൽ, വിർച്ച്വൽ പ്രചാരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. റോഡ് ഷോ പദയാത്ര, വാഹനജാഥ എന്നിവ ജനുവരെ 15 വരെ നടത്തരുത്. വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരെ മാത്രം അനുവദിക്കും. വിജയാഹ്ലാദങ്ങളും നിയന്ത്രിക്കും.

7. നാമനിർദേശവും സ്ഥാനാർഥികളുടെ വിവരങ്ങളും

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് നാമനിർദേശപത്രിക ഓൺലൈനായി സമർപ്പിക്കാം. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പരസ്യപ്പെടുത്തും. നോ യുവർ കാൻഡിഡേറ്റ് ആപ്പിലും സ്ഥാനാർഥികളുടെ വിവരങ്ങൾ ഉണ്ടാകും.

8. അട്ടിമറി എങ്ങനെ തടയാം?

പണവും മദ്യവും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനാക്കാനുള്ള ശ്രമങ്ങൾ തടയും. സി വിജിൽ ആപ്പിലൂടെ വോട്ടർമാർക്ക് പരാതി അറിയിക്കാം. വെബ് കാസ്റ്റിങ് നിരിക്ഷിക്കാം.

9. എത്ര പണം ചെലവിടാം?

തെരഞ്ഞെടുപ്പ് ചെലവ് പരിധി ഉയർത്തി. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം. ഗോവയിലും മണിപ്പൂരിലും 28 ലക്ഷം.

10. ഉദ്യോഗസ്ഥർക്ക് വാക്സിൻ

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസ് വാക്സിനും സ്വീകരിക്കണം.

TAGS :

Next Story