അരവിന്ദ് കെജ്രിവാളിന് ഇ.ഡി നാലാമതും സമൻസ് അയച്ചേക്കും
ചോദ്യം ചെയ്യുന്നതിനായി മൂന്ന് വട്ടം സമൻസ് നൽകിയെങ്കിലും കെജ്രിവാൾ ഹാജരായിരുന്നില്ല
ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന് ഇ.ഡി വീണ്ടും സമൻസ് അയച്ചേക്കുമെന്ന് സൂചന.മദ്യനയ അഴിമതി,കള്ളപ്പണ കേസുകളിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകാനുള്ള സമൻസ് മൂന്നുവട്ടം നൽകിയെങ്കിലും അദ്ദേഹം ഹാജരായില്ല. അതിന് പിന്നാലെയാണ് വീണ്ടും ഇ.ഡി. സമൻസ് അയക്കാനൊരുങ്ങുന്നതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്നും അഭ്യൂഹമുണ്ട്. കഴിഞ്ഞ ദിവസം മുതൽ കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കെജ്രിവാളിന്റെ വീട്ടിൽ റെയ്ഡും തുടർന്ന് അറസ്റ്റുമുണ്ടായേക്കുമെന്ന് ആപ് നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ സൂചന നൽകിയിരുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയ തിരക്കുമൂലം ഇ.ഡി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാൻ കഴിയില്ലെന്നാണ് കെജിവാളിന്റെ നിലപാട്.സമൻസ് നൽകാനുള്ള കാരണം ഇ.ഡി കൃത്യമായി വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
അറസ്റ്റ് ഉണ്ടായാൽ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് ആപ്. അതെ സമയം കെജ്രിവാൾ ശനിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് ഗുജറാത്ത് പര്യടനത്തിന് പുറപ്പെടാനൊരുങ്ങുകയാണ്.
Adjust Story Font
16