മഹാരാഷ്ട്ര മന്ത്രിയും ശിവസേനാ നേതാവുമായ അനിൽ പരാബുമായി ബന്ധപ്പെട്ട ഏഴിടങ്ങളിൽ ഇ.ഡി റെയ്ഡ്
ഉദ്ദവ് താക്കറെ നേതൃത്വം നൽകുന്ന മഹാ വികാസ് അഖാഡി സഖ്യത്തിൽ ഇ.ഡി ലക്ഷ്യമിടുന്ന മൂന്നാമത്തെ മന്ത്രിയാണ് അനിൽ പരാബ്.
മുംബൈ: മഹാരാഷ്ട്ര ഗതാഗതമന്ത്രിയും ശിവസേന നേതാവുമായ അനിൽ പരാബുമായി ബന്ധപ്പെട്ട ഏഴിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
മുംബൈ, പൂനെ, കൊങ്കൺ മേഖല എന്നിവിടങ്ങളിലെ ഏഴിടത്താണ് റെയ്ഡ് നടന്നത്. കൊങ്കൺ മേഖലയിലെ ഡാപോളിയിൽ പരാബിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. രാവിലെ ആറുമണി മുതലാണ് റെയ്ഡ് ആരംഭിച്ചത്.
പരാബിന്റെ ഔദ്യോഗിക വസതി, സൗത്ത് മുംബൈയിലെ ഔദ്യോഗിക ബംഗ്ലാവ്, സ്വകാര്യ വസതി, കൊത്‌റുഡിൽ പരാബുമായി ബന്ധപ്പെട്ട വ്യക്തിയുടെ വസതി, ഡാപോളിയിലെ പരാബിന്റെ റിസോർട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
ഉദ്ദവ് താക്കറെ നേതൃത്വം നൽകുന്ന മഹാ വികാസ് അഖാഡി സഖ്യത്തിൽ ഇ.ഡി ലക്ഷ്യമിടുന്ന മൂന്നാമത്തെ മന്ത്രിയാണ് അനിൽ പരാബ്. എൻസിപി നേതാക്കളായ അനിൽ ദേശ്മുഖ്, നവാബ് മാലിക് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
Adjust Story Font
16