രാഹുല്‍ ഗാന്ധി ഇ.ഡിക്കു മുന്നില്‍ ഇന്നു ഹാജരാകില്ല
വിദേശത്തായതിനാൽ മറ്റൊരു ദിവസത്തേക്ക് തിയതി മാറ്റി നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു
ഡല്‍ഹി: ഇ.ഡിക്ക് മുൻപാകെ രാഹുൽ ഗാന്ധി ഇന്ന് ഹാജരാകില്ല. വിദേശത്തായതിനാൽ മറ്റൊരു ദിവസത്തേക്ക് തിയതി മാറ്റി നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. നാഷണൽ ഹെറാൾഡ് കേസിലാണ് രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ചോദ്യം ചെയ്യാൻ ഇഡി സമൻസ് നൽകിയിരിക്കുന്നത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റ് ജേർണലിന്‍റെ ബാധ്യതയും ഓഹരിയും ഏറ്റെടുത്തതിൽ സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്ന് രാഹുൽ ഗാന്ധി ഇ.ഡിയെ അറിയിക്കും. പാർട്ടി പ്രസിദ്ധീകരണം എന്നനിലയിൽ സാമ്പത്തികമായി കര കയറ്റാനാണ് സഹായിച്ചത്. ബി.ജെ.പിയും സി.പി.എമ്മും ഉൾപ്പെടെ പാർട്ടികൾ മുഖപത്രത്തെ സഹായിക്കാൻ കാലാകാലങ്ങളായി ഇടപെടലുകൾ നടത്താറുണ്ടെന്നും അറിയിക്കും. വിദേശത്തായതിനാലാണ് രാഹുൽ ഗാന്ധി കൂടുതൽ സമയം ചോദിച്ചിരിക്കുന്നത്. അഞ്ചാം തിയതിക്ക് ശേഷം എന്നുവേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നു അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയിൽ നിന്നും ഈ മാസം എട്ടിന് മൊഴിയെടുക്കും.
രാജ്യസഭാ ഉപനേതാവ് മല്ലികാർജ്ജുന ഖാർഗെ, ട്രഷറർ പവൻകുമാർ ബൻസാൽ എന്നിവരിൽ നിന്നും നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇതിന്‍റെ ഒരു തുടർച്ചയായിട്ടാണ് സോണിയ ഗാന്ധിയിൽ നിന്നും രാഹുൽ ഗാന്ധിയിൽ നിന്നും മൊഴിയെടുക്കുന്നതെന്നു ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ ആയുധമാക്കുന്ന ബി.ജെ.പി നടപടി തുറന്നു കാട്ടുമെന്നു കോൺഗ്രസ് വ്യക്തമാക്കി.
Adjust Story Font
16