Quantcast

നിലവിലെ നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കൂ; മമതയുടെ കത്തിന് കേന്ദ്രത്തിന്റെ മറുപടി

മമത നുണച്ചിയെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ

MediaOne Logo

Web Desk

  • Published:

    31 Aug 2024 6:30 AM GMT

Effectively enforce existing laws; Centres reply to Mamatas letter, latest news malayalam, നിലവിലെ നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കൂ; മമതയുടെ കത്തിന് കേന്ദ്രത്തിന്റെ മറുപടി
X

ഡൽ​ഹി: ബലാത്സംഗ സംഭവങ്ങളിൽ കർശനമായ കേന്ദ്ര നിയമനിർമാണവും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നടപ്പാക്കുന്നതിൽ നടപടിയും ആവശ്യപ്പെട്ട് മമത അയച്ച കത്തിനെ തളളി കേന്ദ്രം. നിലവിലുള്ള നിയമങ്ങൾ ആത്മാർഥതയോടെ നടപ്പിലാക്കുക എന്നാണ് മമതയുടെ കത്തിന് കേന്ദ്രമന്ത്രി അന്നപൂർണ ദേവി മറുപടി നൽകിയത്. സമാന വിഷയമുന്നയിച്ച് ആഴ്ചയിൽ രണ്ടാമത്തെ കത്താണ് മമത കേന്ദ്രത്തിനയച്ചത്. ആദ്യം അയച്ച കത്തിന് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് മമത വീണ്ടും കത്തയക്കുകയായിരുന്നു. ഇതിനുള്ള മറുപടിയിലാണ് മമതയെ കേന്ദ്രം രൂക്ഷമായി വിമർശിച്ചത്.

ബലാത്സംഗം, ബലാത്സംഗ കൊലപാതകം തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങൾക്കുള്ള കർശനമായ നിയമനിർമ്മാണങ്ങളും മാതൃകാപരമായ ശിക്ഷയും സംബന്ധിച്ച ശിക്ഷകൾ ഭാരതീയ ന്യായ സൻഹിതയിൽ (ബിഎൻഎസ്) നിലവിലുണ്ടെന്ന് കേന്ദ്രമന്ത്രി മമതയുടെ കത്തിന് മറുപടിയായി പറഞ്ഞു. ബലാത്സംഗം, പോക്‌സോ കേസുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് ബംഗാൾ സർക്കാർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ (എഫ്‌ടിഎസ്‌സി) പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. 2024 ജൂൺ 30 വരെ ബം​ഗാളിലെ എഫ്‌ടിസി കോടതികളിൽ 48,600 ബലാത്സംഗ, പോക്‌സോ കേസുകൾ കെട്ടിക്കിടക്കുകയാണെന്നും അന്നപൂർണ മമതയെ ഓർമിപ്പിച്ചു.

പ്രശ്‌നം പരിഹരിക്കാൻ ബംഗാൾ സർക്കാർ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മമത കത്തിൽ വ്യക്തമാക്കിയിരുന്നു. 88 അതിവേഗ പ്രത്യേക കോടതികൾക്കും, 62 പോക്‌സോ നിയുക്ത കോടതികൾക്കും പുറമേ പത്ത് പോക്‌സോ കോടതികൾ ബംഗാളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് മമത കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള മമതയുടെ വാദത്തേയാണ് കേന്ദ്രമന്ത്രി പൊളിച്ചത്.

ഇതിനു പിന്നാലെ മമതയെ 'നുണയച്ചി' എന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് അമിത് മാളവ്യ രം​ഗത്തുവന്നു. നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിൽ മമത എന്തുകൊണ്ട് പരാജയപ്പെട്ടെന്ന് വിശദീകരിക്കണമെന്നും മാളവ്യ അഭിപ്രായപ്പെട്ടു.

വിഷയത്തിൽ കേന്ദ്ര നടപടി ആവശ്യപ്പെട്ട് ഓഗസ്റ്റ് 22നാണ് മമത ആദ്യം കത്തയച്ചത്. ഇതിന് മറുപടി ലഭിക്കാതിരുന്നതോടെ വെള്ളിയാഴ്ച വീണ്ടും കത്തെഴുതുകയായിരുന്നു.

TAGS :

Next Story