ശ്രീനഗര്‍ ഈദ്ഗാഹില്‍ ഇത്തവണയും പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതിയില്ല
കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഈദ്ഗാഹിന് അനുമതി നിഷേധിക്കുകയാണ്.
ശ്രീനഗര്‍: ചരിത്രപ്രസിദ്ധമായ ശ്രീനഗര്‍ ഈദ്ഗാഹ് മൈതാനിയില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിന് അധികൃതര്‍ ഇത്തവണയും അനുമതി നിഷേധിച്ചു.
നഗരത്തിലെ പ്രധാന ഈദ്ഗാഹ് മൈതാനമായ ശ്രീനഗര്‍ ഈദ്ഗാഹില്‍ നമസ്‌കാരത്തിന് അനുമതിയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി അന്‍ ജുമന്‍ ഔഖാഫ് ജാമിഅ മസ്ജിദ് അറിയിച്ചു.
പരമ്പരാഗതമായി ശ്രീനഗര്‍ നിവാസികളായ ഇസ്ലാംമത വിശ്വാസികള്‍ ശ്രീനഗര്‍ ഈദ്ഗാഹ് മൈതാനിയിലാണ് ബലിപെരുന്നാള്‍ നമസ്‌കാരം നടത്തിവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഈദ്ഗാഹിന് അനുമതി നിഷേധിക്കുകയാണ്.
ഇത്തവണ ശ്രീനഗര്‍ ഈദ്ഗാഹില്‍ ബലിപെരുന്നാള്‍ നമസ്‌കാരം നടക്കുമെന്ന് ജമ്മു-കശ്മീര്‍ വഖഫ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.
കശ്മീരില്‍ ഇപ്പോള്‍ നല്ല അന്തരീക്ഷമാണുള്ളതെന്നും ഈദ്ഗാഹില്‍ തന്നെ നമസ്‌കാരം നടത്താനാണ് തീരുമാനമെന്നുമാണ് ജമ്മു-കശ്മീര്‍ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ദരാക്ഷാന്‍ അന്‍ഡ്രാബി പറഞ്ഞത്.
Adjust Story Font
16