Quantcast

ഈദ് ആശംസ നേർന്ന് വിഡിയോ പോസ്റ്റ് ചെയ്തു; ത്രിപുരയില്‍ യൂട്യൂബർക്കുനേരെ ബി.ജെ.പി ആക്രമണം

മുസ്‌ലിമായി വേഷമിട്ടതും ഹിന്ദുക്കളെ വിഡിയോയിൽ അഭിനയിപ്പിച്ചതും ചോദ്യംചെയ്തായിരുന്നു ബി.ജെ.പി പഞ്ചായത്ത് നേതാവിന്റെ നേതൃത്വത്തിൽ ക്രൂരമർദനം

MediaOne Logo

Web Desk

  • Published:

    25 April 2023 7:29 AM GMT

HinduvloggerattackedinTripuraforEidvideo, BJPattacksYouTuberforpostingEidgreetings, BJPattacksBapanNandi, YouTuberBapanNandi
X

അഗർത്തല: ചെറിയ പെരുന്നാളിന് ആശംസ നേർന്ന് വിഡിയോ പോസ്റ്റ് ചെയ്തതിന് യൂട്യൂബർക്കുനേരെ ആക്രമണം. ത്രിപുര സ്വദേശിയായ ബപൻ നന്ദി(23)ക്കുനേരെയാണ് ബി.ജെ.പി ആക്രമണമുണ്ടായത്. വിഡിയോയിൽ മുസ്‌ലിമായി വേഷമിട്ട് ആശംസ നേർന്നതു ചോദ്യംചെയ്തായിരുന്നു ആക്രമണം.

ത്രിപുരയിലെ ഉദയ്പൂരിനടുത്തുള്ള ഖുപിലോങ് സ്വദേശിയാണ് ബപൻ. രണ്ടു ദിവസം മുൻപാണ് പെരുന്നാൾ ആശംസ നേർന്നുകൊണ്ടുള്ള നാല് മിനിറ്റ് സംഗീത വിഡിയോ 'ബപൻ നന്ദി വ്‌ളോഗ്‌സ്' എന്ന പേരിലുള്ള യൂട്യൂബ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. മുസ്‌ലിംകളും അല്ലാത്തവരുമായ സുഹൃത്തുക്കൾ വിഡിയോയിൽ അഭിനയിച്ചിരുന്നു. തൊപ്പിയും തട്ടവും ഇട്ട് ഇവർ ഈദ് ആശംസകൾ നേരുകയും ചെയ്യുന്നുണ്ട്.

വിഡിയോ അപ്ലോഡ് ചെയ്തതിനു പിന്നാലെ ബപനെ ബി.ജെ.പി നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അനു മുര സിങ് വിളിപ്പിച്ച് ചോദ്യംചെയ്യുകയായിരുന്നു. എന്തിന് മുസ്‌ലിമായി വേഷമിട്ടെന്നും ഹിന്ദുക്കളെ എന്തിന് വിഡിയോയിൽ അഭിനയിപ്പിച്ചെന്നും ചോദിച്ച് സംഘം യുവാവിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. ആക്രമിക്കരുതെന്ന് കേണപേക്ഷിച്ചെങ്കിലും സംഘം ആക്രമണം തുടരുന്നത് പുറത്തുവന്ന വിഡിയോയിൽ കാണാം.

ആക്രമണത്തിനു പിന്നാലെ ബി.ജെ.പി നേതാക്കൾ ബപനെതിരെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. അക്രമികൾ പ്രബലരായതിനാൽ പൊലീസിൽ പരാതി നൽകിയിട്ടല്ലെന്നാണ് ബപൻ നന്ദി പ്രതികരിച്ചത്.

സംഭവത്തെ സി.പി.എം ശക്തമായി അപലപിച്ചു. ഇത്തരം സംഭവങ്ങൾ ബി.ജെ.പിയുടെ ഭരണത്തിനു കീഴിൽ പുതിയതല്ലെന്ന് സി.പി.എം എം.എൽ.എ ജിതേന്ദ്ര ചൗധരി പ്രതികരിച്ചു. എല്ലാ സംഭവങ്ങളിലും ബി.ജെ.പി പ്രവർത്തകർക്ക് പങ്കുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇൻസ്റ്റഗ്രാമിൽ 2.15 ലക്ഷത്തിലേറെ ഫോളോവർമാരുണ്ട് ബപന്. യൂട്യൂബിൽ പതിനായിരത്തിലേറെ ഫോളോവർമാരുമുണ്ട്. ആക്രമണത്തിനുശേഷവും വിഡിയോ ബപൻ നീക്കം ചെയ്തിട്ടില്ല.

Summary: Bapan Nandi, a 23-year-old vlogger from the Khupilong area of Tripura, was attacked the BJP leaders after posting a four-minute music video on the occassion of Eid

TAGS :

Next Story