Quantcast

ബി.എസ്.പി തമിഴ്നാട് അധ്യക്ഷന്റെ കൊലപാതകം; എട്ട് പേർ അറസ്റ്റിൽ

കഴിഞ്ഞവർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർകോട് സുരേഷിന്‍റെ സഹോദരനും കൂട്ടാളികളുമാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Updated:

    2024-07-06 10:03:18.0

Published:

6 July 2024 10:00 AM GMT

Eight Arrested in murder of bsp tamilnadu chief
X

ചെന്നൈ: ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിൽ എട്ട് പേർ അറസ്റ്റിൽ. പൊന്നൈ ബാല, രാമു, തിരുവെങ്ങാടം, തിരുമലൈ, സെൽവരാജ്, മണിവണ്ണൻ, സന്തോഷ്, അരുൾ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞവർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർകോട് സുരേഷിന്‍റെ സഹോദരനും കൂട്ടാളികളുമാണ് ഇന്ന് അണ്ണാനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ആർകോട് സുരേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതികാരമാണ് ഈ സംഭവമെന്നാണ് പൊലീസ് പറയുന്നത്.'ഞങ്ങൾ അന്വേഷണം നടത്തുകയാണ്. ഈ സംഭവത്തിന്, നേരത്തെ നടന്ന കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്നു'- പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ചെന്നൈയിലെ പെരമ്പലൂരിലുള്ള വസതിക്ക് സമീപം പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തുന്നതിനിടെ ആംസ്ട്രോങ്ങിന് നേരെ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറം​ഗ സംഘമാണ് ആക്രമണം നടത്തിയത്. ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൊല നടത്തിയത്.

സംഘം ആംസ്‌ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തമിഴ്നാട്ടിലെ ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു മുൻ ചെന്നൈ കോർപറേഷൻ കൗൺസിലർ കൂടിയായ ആംസ്ട്രോങ്.

സംഭവത്തെ തുടർന്ന് ചെന്നൈയിലെ പെരമ്പൂർ, സെമ്പിയം മേഖലകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനായി ആറ് പൊലീസ് സംഘങ്ങളെ നിയോഗിച്ചു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധിച്ച ബി.എസ്.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൊലപാതകത്തിൽ ബി.എസ്.പി ദേശീയ അധ്യക്ഷ മായാവതി പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായിരുന്നു ആംസ്ട്രോങ് എന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും മായാവതി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായതിന്‍റെ തെളിവാണ് കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി കുറ്റപ്പെടുത്തി.

ക്രൂരവും നിന്ദ്യവുമായ കൊലപാതകമാണെന്നും തമിഴ്നാട് സർക്കാർ കുറ്റവാളികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.



TAGS :

Next Story