വീണ്ടും ജീവനെടുത്ത് കൊടുംചൂട്; യുപിയിൽ വോട്ട് ചെയ്യാൻ വരിനിന്ന വയോധികൻ സൂര്യാഘാതമേറ്റ് മരിച്ചു
അത്യുഷ്ണത്തിൽ ഉത്തരേന്ത്യയിൽ ആകെ മരണം 100 കടന്നു. ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതലും മരണം റിപ്പോർട്ട് ചെയ്തത്.
ലഖ്നൗ: കടുത്ത ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യ വെന്തുരുകുമ്പോൾ ചൂട് താങ്ങാനാവാതെ കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. 40 ഡിഗ്രിക്ക് മുകളിൽ താപനില റിപ്പോർട്ട് ചെയ്ത യു.പിയിൽ വോട്ട് ചെയ്യാൻ വരിനിന്ന വയോധികൻ സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. ബലിയ ജില്ലയിലെ ഒരു പോളിങ് ബൂത്തിലാണ് സംഭവം.
വരി നിൽക്കവെ കുഴഞ്ഞുവീണ വൃദ്ധനെ അടുത്തുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഴഞ്ഞുവീണ ഇദ്ദേഹത്തെ എടുത്തുകൊണ്ടുപോയി അടുത്തുള്ള കട്ടിലിൽ കട്ടിലിൽ കിടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ അത്യുഷ്ണത്തിൽ ഉത്തരേന്ത്യയിൽ ആകെ മരണം 100 കടന്നു. ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതലും മരണം റിപ്പോർട്ട് ചെയ്തത്.
മെയ് 31ന്, ഉത്തർപ്രദേശിലും ബീഹാറിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ച 25 ജീവനക്കാരുൾപ്പെടെ 40ലേറെ പേർ കനത്ത ചൂടിനെ തുടർന്ന് മരിച്ചതായാണ് റിപ്പോർട്ടുകൾ. ചൂട് 50 ഡിഗ്രി സെൽഷ്യസ് കടന്ന ഒഡീഷയിൽ ഇതുവരെ 46 പേരാണ് മരിച്ചത്.
ഉത്തർപ്രദേശിൽ വെള്ളിയാഴ്ച മാത്രം മരിച്ചത് 17 പേരാണ്. ഇതിൽ എട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. 16 പേർ ബിഹാറിലും അഞ്ച് പേർ ഒഡീഷയിലും നാല് പേർ ജാർഖണ്ഡിലും മരണത്തിന് കീഴടങ്ങി. 1700ലേറെ പേർ സൂര്യാതപമേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഉത്തർപ്രദേശിൽ മരിച്ചവരിൽ 13 പേരും മിർസാപൂരിലാണ്. ഇതിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഏഴ് ഹോംഗാർഡ് ജവാന്മാരും മൂന്ന് ശുചീകരണ തൊഴിലാളികളും ഒരു ക്ലർക്കും കൺസോളിഡേഷൻ ഓഫീസറും പ്യൂണും ഉൾപ്പെടുന്നു.
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും അടുത്ത രണ്ടുദിവസം കൂടി ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ, ബീഹാറിൻ്റെ ചില ഭാഗങ്ങളിലും കിഴക്കൻ മധ്യപ്രദേശിലും ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളിലും ഉഷ്ണതരംഗം തുടരും.
കഴിഞ്ഞ ദിവസം നാഗ്പൂരിൽ താപനില 54 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതായി വിവരമുണ്ട്. ഡൽഹിയിൽ 52 ഡിഗ്രി വരെയും എത്തിയിട്ടുണ്ട്. രാജസ്ഥാനിലായിരുന്നു നേരത്തെ ഏറ്റവും ശക്തമായ ചൂട് റിപ്പോർട്ട് ചെയ്തിരുന്നത്. ഇവിടെ പിന്നീട് സ്ഥിതി നിയന്ത്രണവിധേയമാവുകയും ചെയ്തു.
എന്നാൽ, ഒഡീഷയിലും ബിഹാറിലും ഒരു രക്ഷയുമില്ലാതെ ഉഷ്ണതരംഗം തുടരുകയാണ്. ഡൽഹിയിൽ ജലക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം ഡൽഹി സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹരിയാന സർക്കാരിന് ഉൾപ്പെടെ വേണ്ട നിർദേശങ്ങൾ നൽകണമെന്നായിരുന്നു ആവശ്യം.
രാത്രിയിലും ചൂട് അനുഭവപ്പെടുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ജൂൺ മൂന്നുവരെ ചൂട് തുടരുമെന്ന് വകുപ്പ് അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. ബീഹാറിലെ എട്ട്, ഹിമാചൽ പ്രദേശിലെ നാല്, ജാർഖണ്ഡിലെ മൂന്ന്, ഒഡീഷയിലെ ആറ്, പശ്ചിമ ബംഗാളിൽ ഒമ്പത്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 13 മണ്ഡലങ്ങളിലുമടക്കം 57 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പലയിടത്തും വോട്ടെടുപ്പിനെയും ബാധിച്ചിട്ടുണ്ട്.
Adjust Story Font
16