Quantcast

ചെങ്കോൽ സ്ഥാപിച്ചതിന് നന്ദിയായി 25 എംപിമാരെ ജയിപ്പിക്കൂ; തമിഴ്‌നാട്ടിൽ അമിത് ഷാ

"2024ലെ തെരഞ്ഞെടുപ്പിൽ മൂന്നൂറു സീറ്റിലേറെ നേടി നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും"

MediaOne Logo

Web Desk

  • Published:

    13 Jun 2023 6:42 AM GMT

amit shah
X

ചെന്നൈ: പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചതിന് നന്ദിസൂചകമായി 25 എന്‍ഡിഎ അംഗങ്ങളെ പാർലമെന്റിൽ എത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വെല്ലൂരിലെ ബിജെപി റാലിയിലാണ് ഷായുടെ ആഹ്വാനം. 2024ലെ തെരഞ്ഞെടുപ്പിൽ മൂന്നൂറു സീറ്റിലേറെ നേടി നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ഈയിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടിലെ ചോള രാജവംശത്തിലെ ചെങ്കോലാണ് പാർലമെന്റ് കെട്ടിടത്തിൽ സ്ഥാപിച്ചത്. മോദിയോടുള്ള നന്ദിസൂചകമായി തമിഴ്‌നാട്ടിൽനിന്ന് 25 എൻഡിഎ അംഗങ്ങളെ പാർലമെന്റിൽ എത്തിക്കണം. പത്തു വർഷത്തിനിടെ 95,000 കോടി രൂപയാണ് യുപിഎ സർക്കാർ തമിഴ്‌നാടിനായി നൽകിയത്. എന്നാൽ ഒമ്പതു വർഷത്തിനിടെ 2,47,000 കോടി രൂപ മോദി സർക്കാർ നൽകി. സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിനായി മാത്രം 58,000 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയത്'- അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ തിരുവാടുതുറൈ അധീനം ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് കൈമാറിയ ചെങ്കോൽ മെയ് 28നാണ് മോദി പാർലമെന്റൽ സ്ഥാപിച്ചത്. അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ പണിയിപ്പിച്ച് നെഹ്‌റുവിന് കൈമാറിയതാണ് ഈ ചെങ്കോൽ എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഈ അവകാശവാദം തെളിയിക്കുന്ന ചരിത്ര രേഖകൾ ഒന്നുമില്ലെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.

എഐഡിഎംകെയുമായി സഖ്യമുണ്ടാക്കി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റിലാണ് ബിജെപി മത്സരിച്ചിരുന്നത്. ഒന്നിൽപ്പോലും ജയിക്കാനായില്ല.

വിവാദമായ ചെങ്കോൽ

പാർലമെന്റിൽ സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്ത് സ്ഥാപിച്ച ചെങ്കോൽ അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടൻ നൽകിയതല്ല എന്നാണ് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു നെഹ്‌റുവിന് സമ്മാനിച്ചതാണ് ഇതെന്നാണ് സർക്കാർ അവകാശവാദം. എന്നാൽ ചെങ്കോൽ മൗണ്ട് ബാറ്റൺ പ്രഭുവിന് നൽകിയതായിരുന്നോ എന്ന കാര്യം അറിയില്ലെന്നാണ് തിരുവാടുതുറൈ അധീനം മുഖ്യമഠാധിപതി ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ഈയിടെ വ്യക്തമാക്കിയിരുന്നത്.

'ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു ഹ്രസ്വ ചിത്രം പുറത്തിറങ്ങിയതായി ഞാൻ കേട്ടിരുന്നു. ചിലർ പറയുന്നു ചെങ്കോൽ മൗണ്ട് ബാറ്റണ് സമ്മാനിച്ചതാണെന്ന്. അക്കാലത്തുള്ള ആളുകളും അതു പറയുന്നുണ്ട്' - എന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് മഠാധിപതിയുടെ മറുപടി.

'ചെങ്കോൽ മൗണ്ട് ബാറ്റണ് നൽകേണ്ട ആവശ്യമെന്തായിരുന്നു? എല്ലാ അധികാരങ്ങളും കൈമാറി ഇന്ത്യ വിടാൻ നിൽക്കുകയായിരുന്നു അദ്ദേഹം. ആ ദിവസം നെഹ്റു ആയിരുന്നു പ്രധാനപ്പെട്ടത്.' - മഠാധിപതി കൂട്ടിച്ചേർത്തു. മൗണ്ട് ബാറ്റണ് നൽകിയ ചെങ്കോൽ ഗംഗാജലം തളിച്ച ശേഷം നെഹ്റുവിന് സമ്മാനിച്ചു എന്നാണ് ചെങ്കോലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നത്. ഇതിന്റെ തമിഴ് കൈയെഴുത്തു പകർപ്പും അതിൽ ഉൾപ്പെടുത്തിയിരുന്നു. 1947ലും 1950ലും പുറത്തിറക്കി രണ്ട് സുവനീറുകളിൽ ഈ പകർപ്പ് ഉണ്ടെന്നാണ് അധീനം പറഞ്ഞിരുന്നത്. എന്നാൽ ഇവ രണ്ടും കണ്ടെത്താനായില്ലെന്ന് മഠാധിപതി പറയുന്നു.





TAGS :

Next Story